![]() |
മാസ്റ്റർ പ്ലാൻ അവതരണത്തിൽ എ പ്രദീപ്‌കുമാർ എംഎൽഎ സംസാരിക്കുന്നു |
കോഴിക്കോട‌്:ബീച്ച‌് ജനറൽ ആശുപത്രിയിൽ വികസന കുതിപ്പായി 164 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാർ. നിലവിലെ കെട്ടിടങ്ങളുടെ പൈതൃകം നിലനിർത്തി ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. ഏഴുനിലയിൽ പുതിയ കെട്ടിടം നിർമിക്കും. ഡോക്ടർമാർക്കും നേഴ‌്സുമാർക്കും മറ്റും താമസിക്കാൻ എട്ടു നിലയിൽ 48 ഫ‌്ളാറ്റുകളുടെ സമുച്ചയവും വിഭാവനം ചെയ്യുന്നു. രണ്ട‌് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
എ പ്രദീപ‌്കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ശനിയാഴ‌്ച ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ അവതരണവും വിശദമായ ചർച്ചയും നടന്നു. നിർമാണത്തിനാവശ്യമായ ഫണ്ട‌് ‘കിഫ‌്ബി’ വഴി കണ്ടെത്തും. ഡിഎംഒ ഡോ. വി ജയശ്രീ, കൺസൾട്ടൻസിയായ ഇൻകൽ ചീഫ‌് എൻജിനീയർ പ്രേംകുമാർ പണിക്കർ, ആശുപത്രി സൂപ്രണ്ട‌് ഡോ. വി ഉമ്മർഫാറൂഖ‌്, ആർക്കിടെക്ട‌് എൻ എം സലീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആശുപത്രിയിലെ വിവിധ വകുപ്പ‌് മേധാവികൾ, പൊതുമരാമത്ത‌് ഉദ്യോഗസ്ഥർ, ഹൗസിങ്ങ‌്ബോർഡ‌് പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.
പുതിയ കെട്ടിടത്തിൽ ആറ‌് പുതിയ ഓപ്പറേഷൻ തിയേറ്ററുകൾ, 30 ബെഡ്ഡുള്ള അത്യാഹിത വിഭാഗം എന്നിവയുണ്ട‌്. ഒ പിയിൽ രണ്ടായിരത്തോളം പേർ എത്തുന്ന ആശുപത്രിയിൽ അതിന‌് വിപുലമായ സൗകര്യമാണ‌് ആസൂത്രണം ചെയ്യുന്നത‌്. വിശാലമായ കാന്റീൻ, സൂപ്പർമാർക്കറ്റ‌്, കോൺഫറൻസ‌് ഹാൾ, മോർച്ചറി, വിശാലമായ പാർക്കിങ‌് സൗകര്യം എന്നിവയുണ്ടാകും. എല്ലാ സൗകര്യങ്ങളോടുംകൂടി അഡ‌്മിനിസ‌്ട്രേറ്റീവ‌് ബ്ലോക്ക‌് സജ്ജീകരിക്കും.
0 Comments