വി കെ സി മമ്മദ്കോയ എംഎൽഎ, ആർക്കിടെക്ട‌് എ കെ പ്രശാന്ത് എന്നിവരും ഉദ്യോഗസ്ഥരും ബേപ്പൂർ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം പരിശോധിക്കുന്നു
|
ബേപ്പൂർ:വിനോദ സഞ്ചാര മേഖലയിൽ ബേപ്പൂരിന്റെ സാധ്യതകൾ വിനിയോഗിക്കാൻ സമഗ്രപദ്ധതി വരുന്നു. ബേപ്പൂരിന്റെ ചരിത്രവും പൈതൃകവും നിലനിർത്തി ബേപ്പൂർ പുലിമൂട്ട് തീരവും പ്രദേശങ്ങളും എല്ലാ സൗകര്യങ്ങളോടുംകൂടി വികസിപ്പിക്കാനാണ‌് പദ്ധതി. ഏകദേശം 10 കോടി രൂപയുടെ പദ്ധതിയാണ‌് നടപ്പാക്കുക. ഉത്തരവാദ, -സാംസ്കാരിക ടൂറിസം, ജല ടൂറിസം, തുറമുഖ -മത്സ്യബന്ധന മേഖലകൾ, കപ്പൽ യാത്രാ സൗകര്യങ്ങൾ, പരമ്പരാഗത - കലാ-സാംസ്കാരിക, കരകൗശല മേഖലകൾ തുടങ്ങിയവയെ കൂട്ടിയിണക്കും. ഇതിനായി വി കെ സി മമ്മദ് കോയ എംഎൽഎയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച നടന്നു. ടൂറിസം വകുപ്പ് നിയോഗിച്ച കൺസൾട്ടന്റ് ആർക്കിടെക്ട‌് എ വി പ്രശാന്തും ഉയർന്ന ഉദ്യോഗസ്ഥരും ഇരിങ്ങൽ സർഗാലയയുടെ പ്രതിനിധികളും പങ്കെടുത്തു.
നേരത്തെ കോടികൾ ചെലവിട്ട് നടപ്പിലാക്കിയ പുലിമുട്ട് തീരത്തെ ടൂറിസം വികസന പദ്ധതികൾക്ക് കൃത്യമായ തുടർച്ചയും യഥാസമയം അറ്റകുറ്റപ്പണികളുമില്ല. മികച്ച ഭോജന ശാലകൾ, ഷോപ്പിങ് സെന്റർ തുടങ്ങിയവയുമില്ല. ഇതിനെല്ലാം പരിഹാരം കാണുകയാണ‌് ലക്ഷ്യം. തീരത്തെ വടക്കുഭാഗത്തേക്കുള്ള നടപ്പാത നീട്ടി ഇതിന് സമീപത്തായി കുട്ടികളുടെ ഉല്ലാസ കേന്ദ്രമൊരുക്കും. ക്രൂയിസ് കപ്പൽ സർവീസും വാട്ടർ ടൂറിസത്തിനും ഇതിനകം ധാരണയായതായി പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ അശ്വനി പ്രതാപ് ചർച്ചയിൽ അറിയിച്ചു. സാംസ്കാരിക വകുപ്പ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 22 പൈതൃക ഗ്രാമങ്ങളിലുൾപ്പെടുത്തി നടപ്പാക്കുന്ന "റൂറൽ ആർട്ട് ഹബ്’ പദ്ധതിയുടെ ഭാഗമായി പ്രധാന കരകൗശല നിർമാണ കേന്ദ്രം ആർട‌് ഗ്യാലറിയുൾപ്പെടെ ടൂറിസത്തിന്റെ ഭാഗമാക്കി ഉൾപ്പെടുത്തും.
ബേപ്പൂരിനൊപ്പം ചാലിയാറിന്റെ മറുകരയായ ചാലിയവും ഫറോക്കും സമീപ പ്രദേശങ്ങളും കൂട്ടിയോജിപ്പിച്ചുള്ള പദ്ധതികളും പരിഗണനയിലുണ്ട്. വിശദമായ ചർച്ചക്കുശേഷം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. അടുത്ത ബജറ്റിനകം പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനായേക്കും.
ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടർ അനിത, ക്യാപ്റ്റൻ കെ കെ ഹരിദാസ്, ഇരിങ്ങൽ സർഗാലയ പ്രോജക്ട് മേധാവി കെ ചന്ദ്രൻ, സീനിയർ മാർക്കറ്റിങ് മാനേജർ പ്രദീപ്, പോർട്ട് ജൂനിയർ സൂപ്രണ്ട‌് അബ്ദുൽ മനാഫ്, ഖൊരഖ്പൂർ ഐഐടി വാസ്തുശില്പ, ഗവേഷണ വിദ്യാർഥി അനുപമ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. പദ്ധതി പ്രദേശവും സംഘം സന്ദർശിച്ചു.
0 Comments