112 കോടി ഉടൻ ലഭിക്കണം- ആക്‌ഷൻ കമ്മിറ്റി

Representation Image

കോഴിക്കോട്∙ മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഭൂമി വിട്ടുനൽകാൻ സമ്മതപത്രവും അസ്സൽ രേഖകളും സമർപ്പിച്ചവരുടെ ഭൂമി ഏറ്റെടുക്കാൻ 112 കോടി ഉടൻ ലഭ്യമാക്കണമെന്ന് ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് വികസനത്തിനായി ആത്മാർഥതയോടെ മുന്നോട്ടുവന്ന ഈ ഭൂവുടമകൾ വളരെക്കാലമായി കാത്തിരിക്കുന്ന സാഹചര്യത്തിൽ തുകയനുവദിക്കുന്നത് അടുത്ത ബജറ്റ് വരെ താമസിപ്പിക്കരുത്.234.5 കോടി 3 ബജറ്റിലൂടെ അനുവദിക്കാമെന്ന ഉത്തരവിലൂടെ പദ്ധതി 3 വർഷം വൈകിപ്പിക്കുന്ന തന്ത്രമാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. തുക 3 വർഷത്തെ ബജറ്റുകളിലായി മൂന്നിലൊരുഭാഗം വീതം നീക്കിവയ്‌ക്കുമെന്നും ആദ്യഗഡുവായ 78 കോടി 2019 ലെ ബജറ്റിൽ ഉൾക്കൊള്ളിക്കുമെന്നുമാണ് ഉത്തരവിൽ. ഫണ്ട് ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടില്ല.

അതു നീളാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. 2017 മേയിൽ 50 കോടിക്ക് ഈ സർക്കാർ ഉത്തരവിറക്കിയിട്ടും 6 മാസം വൈകിയാണു പണം ലഭ്യമായത് എന്നത് നാട്ടുകാരുടെ അനുഭവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഉടൻ മുഴുവൻ ഫണ്ടും നൽകുമെന്ന് ധനകാര്യ–മരാമത്ത് മന്ത്രിമാരും എംഎൽഎയും ഒടുവിൽ മുഖ്യമന്ത്രിയും വാക്കാൽ നടത്തിയ പ്രഖ്യാപനങ്ങൾക്ക് സർക്കാരിന്റെ കാലാവധിയായ 2021 വരെ സമയം നീട്ടി നിശ്‌ചയിക്കുകയാണ് ഇപ്പോഴത്തെ ഉത്തരവുകൊണ്ട് ചെയ്‌തിട്ടുളളത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എങ്കിലും വാഗ്‌ദാനം രേഖാമൂലമുള്ള ഒരു സർക്കാർ ഉത്തരവായി ഇറങ്ങിയത് ജനങ്ങളുടെ കൂട്ടായ്‌മയുടെ വിജയമാണെന്നും യോഗം വിലയിരുത്തി ആക്‌ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ് നാരായണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, തായാട്ട് ബാലൻ, സി.ജെ. റോബിൻ, കെ.വി. സുനിൽകുമാർ, കെ.പി. വിജയകുമാർ, പ്രദീപ് മാമ്പറ്റ, എം.ടി. തോമസ്, പി. സദാനന്ദൻ, എ.കെ.ശ്രീജൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments