കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടം മുഖ്യമന്ത്രി നാളെ നാടിനു സമർപ്പിക്കും



കൊയിലാണ്ടി: താലൂക്കാശുപത്രിക്കായി പുതുതായി നിർമിച്ച കെട്ടിടം നവംബർ നാളെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. പുതിയ കെട്ടിടത്തിൽ തറനിരപ്പിലുള്ള നിലയിൽ അത്യാഹിതവിഭാഗം, ട്രോമാ കെയർ, ജനറൽ മെഡിസിൻ, സർജറി, ഗൈനക്, ഒ.പി, സി.ടി. സ്കാൻ എന്നിവ പ്രവർത്തിക്കും. ഒന്നാം നിലയിൽ മാതൃശിശു സംരക്ഷണ കേന്ദ്രം, ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റീവ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, രണ്ടാം നിലയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, ഐ.സി.യു. എന്നിവ സജ്ജമാക്കും.



മൂന്ന്, നാല്, അഞ്ച്‌ നിലകളിൽ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവർക്കുള്ള വാർഡുകൾ പ്രവർത്തിക്കും. നിലവിൽ പുതിയ കെട്ടിടത്തിൽ റാമ്പ് സൗകര്യം ഇല്ല. ഇത് പരിഹരിക്കുവാൻ തൊട്ടടുത്ത പഴയകെട്ടിടം പൊളിച്ച്‌ ഒൻപത് നിലകളുള്ള കെട്ടിടം പണിയും. അവിടെ റാമ്പ് നിർമിക്കുമ്പോൾ ഇപ്പോഴത്തെ അഞ്ചുനിലകളുമായി ബന്ധപ്പെടുത്തും. ഇതിന് 59 കോടി രൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ കെ. ദാസൻ എം.എൽ.എ., നഗരസഭാ ചെയർമാൻ കെ. സത്യൻ, നഗരസഭ സ്ഥിരംസമിതി ചെയർമാന്മരായ വി. സുന്ദരൻ, കെ. ഷിജു, വി.കെ. അനിത, ആസ്പത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിൻബാബു എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments