കോഴിക്കോട്: കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് 2019-20 വാര്‍ഷിക പദ്ധതി. 2020 ആകുമ്പോഴേക്കും കോര്‍പ്പറേഷന്‍ പരിധിയിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു കൊടുക്കുകയാണ് ലക്ഷ്യം. ജൈവവൈവിധ്യ മാനേജ്മെന്റ്- കാലാവസ്ഥ വ്യതിയാനം-പരിസ്ഥിതി സംരക്ഷണം- ദുരന്തനിവാരണം എന്നിവയ്ക്ക് പ്രത്യേക പരിഗണനയും വാര്‍ഷിക പദ്ധതിയില്‍ നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണത്തിന് പ്രാദേശിക പരിശീലനം നല്‍കും. അമൃത് കുടിവെള്ള പദ്ധതി നടപ്പാക്കി കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിതകേരളം, ആര്‍ദ്രം എന്നീ പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി ജില്ലയുടെ സമഗ്ര വികസനമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യം വെക്കുന്നത്. പൊതുഭരണ സംവിധാനം മെച്ചപ്പെടുത്താനായി കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കണമെന്ന് സെമിനാറില്‍ ചര്‍ച്ച ചെയ്തു. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം ആരംഭിക്കാനും തീരദേശ പ്രദേശങ്ങളില്‍ കടലില്‍ നിന്നും അടിയുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന യൂണിറ്റ് നിര്‍മ്മാണത്തിനും നിര്‍ദേശം വെച്ചു. പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയില്‍ ചെറുകിട വ്യവസായം, സൂക്ഷ്മ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ വനിതാ സംരംഭകര്‍ക്ക് പ്രാധാന്യം നല്‍കും.
കാന്‍സര്‍ ബാധിതര്‍ക്ക് റീക്രിയേഷന്‍ സെന്ററും പുനരധിവാസ സെന്ററും ഉള്‍പ്പെടുത്തി ജീവനം സമഗ്ര കാന്‍സര്‍ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ രോഗാതുരത പരിശോധിച്ച് ജീവിതശൈലി രോഗങ്ങളില്‍ നിന്നും മാരകമായ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുവാനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമുള്ള സമഗ്ര ആരോഗ്യ പരിരക്ഷ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ശുചിത്വം, മാലിന്യ സംസ്‌കരണം വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില്‍ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് വാര്‍ഡുകമ്മിറ്റികള്‍, റസിഡന്റ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടും ഓരോ വാര്‍ഡിനും ഒരു എച്ച്.ഐ/ ജെ.എച്ച്.ഐക്ക് ചുമതല നല്‍കിയും പൊതുസ്ഥലങ്ങളിലെ അജൈവ മാലിന്യങ്ങള്‍ നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റ് വേങ്ങേരിയുടെ സഹായത്തോടെ നീക്കം ചെയ്യുന്നുമുണ്ട്. മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനവും വികസന സെമിനാറില്‍ ചര്‍ച്ച ചെയ്തു.
കൂടാതെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സീറോ വേസ്റ്റ് പദ്ധതിയുടെ ബോധവത്കരണ പദ്ധതികളും നടപ്പാക്കും. 153.37 കോടി രൂപയാണ് പദ്ധതി നിര്‍വഹണത്തിനായി വകയിരുത്തിയിരിക്കുന്നത്. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അനുവദിച്ചു കിട്ടുന്ന പദ്ധതി വിഹിതവും മറ്റു ധനമാര്‍ഗ്ഗങ്ങളും ജനകീയ പങ്കാളിത്തവും ഉറപ്പാക്കി ഉല്‍പാദ-സേവന-പശ്ചാത്തല മേഖലകളെ ശക്തിപ്പെടുത്തി കോര്‍പ്പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി. രാജന്‍ വാര്‍ഷിക പദ്ധതി 2019-20 കരട് പദ്ധതി അവതരിപ്പിച്ചു. സെക്രട്ടറി കെ.പി. വിനയന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിതാ രാജന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments