കോഴിക്കോട്: പുതുവത്സര പാര്‍ട്ടികള്‍ക്ക് ലഹരി പകരാനായി എത്തിച്ച 35 എല്‍ എസ് ഡി സ്റ്റാമ്പുകളുമായി മുക്കം കൊടിയത്തൂര്‍ സ്വദേശി പുളിക്കല്‍മുക്കത്ത് 'യമു' എന്നറിയപ്പെടുന്ന ബാദുഷ (24) മുക്കം പൊലീസിന്റെ പിടിയിലായി. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പി പി ബിജുരാജിന്റെ നിര്‍ദ്ദേശപ്രകാരം മുക്കം എസ്‌ഐ കെ പി അഭിലാഷും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
പിടികൂടിയ സ്റ്റാമ്പിന് വിപണിയില്‍ ഒരു ലക്ഷം രുപയിലധികം വിലവരും. മുമ്പ് നിരവധി തവണ ലഹരിമരുന്നു കേസില്‍ ഇയാള്‍ പൊലീസ് പിടിയിലായതാണ്. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മലയോര മേഖലകളിലെ ക്യാമ്പസുകളിലടക്കം ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായും ഇതിനായി വന്‍തോതില്‍ ന്യൂജനറേഷന്‍ മയക്കുമരുന്നുകള്‍ ഒഴുകാന്‍ സാധ്യതയുള്ളതായും രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ജില്ലയില്‍ ഉടനീളം ലഹരിമരുന്ന് വേട്ട ശക്തമാക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
മുക്കത്തും പരിസരത്തും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമായി നടക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ ശക്തമാക്കുമെന്നും പുതുവത്സരത്തോടനുബന്ധിച്ച് മലയോര മേഖലകളിലെ റിസോര്‍ട്ടുകളിലും മറ്റും ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതായും മുക്കം എസ്.ഐ കെ.പി. അഭിലാഷ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ മെട്രോപോളിറ്റന്‍ സിറ്റികളില്‍ മാത്രം കണ്ടുവരുന്ന ന്യൂജനറേഷന്‍ വിഭാഗത്തില്‍പെടുന്ന വീര്യംകൂടിയ ലഹരി മരുന്നാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
കാഴ്ചയില്‍ സ്റ്റാമ്പ് രൂപത്തില്‍ കാണുന്ന ഇത്തരം ലഹരിവസ്തു ഉപയോഗിക്കാന്‍ എളുപ്പമുള്ളതും ഉപയോഗിച്ചതായി തിരിച്ചറിയാന്‍ പ്രയാസമുള്ളതും ആയതിനാല്‍ സ്ത്രീകളടക്കമുള്ള യുവതലമുറയില്‍ ഇത്തരം ലഹരിവസ്തുക്കള്‍ വ്യാപകമായിട്ടുണ്ട്. മറ്റു ലഹരി വസ്തുക്കളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള ഒരു സ്റ്റാമ്പ് 8 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ലഹരിയുടെ വീര്യം നല്‍കുന്നതാണ്. ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ലഹരിവസ്തു ഇത്രയധികം അളവില്‍ പിടികൂടുന്നത്.
മുക്കം എസ്‌ഐ കെ.പി. അഭിലാഷ്, താമരശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സേനയിലെ എഎസ്‌ഐ രാജീവ് ബാബു, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ഷിബില്‍ ജോസഫ്, സിവില്‍ പൊലിസ് ഓഫീസര്‍ ഷെഫീഖ് നീലിയാനിക്കല്‍, മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബേബി മാത്യു, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സലീം മുട്ടത്ത്, ജയപ്രകാശ്, ശ്രീജേഷ് വി.എസ്, ശ്രീകാന്ത് കട്ടാങ്ങല്‍, രതീഷ് എകരൂല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ നിരവധി മയക്കുമരുന്ന്, മോഷണ കേസുകളിലും വധശ്രമ കേസിലും പ്രതിയാണ് പിടിയിലായ ബാദുഷയെന്ന് പൊലിസ് പറഞ്ഞു. ഈ കേസുകളില്‍ ജയിലില്‍ കിടന്നിട്ടുമുണ്ട്. ഇയാളെ വ്യാഴാഴ്ച താമരശേരി കോടതിയില്‍ ഹാജരാക്കുമെന്ന് മുക്കം എസ്‌ഐ അറിയിച്ചു
0 Comments