പുതുപുത്തനാവാനൊരുങ്ങി വലിയങ്ങാടി



കോഴിക്കോട്: കടപ്പുറത്ത് പായക്കപ്പലുകൾ വന്നണഞ്ഞിരുന്ന കാലത്തോളം പഴക്കമുള്ള പൈതൃക വ്യാപാര കേന്ദ്രമായിരുന്ന കോഴിക്കോടിന്റെ സ്വന്തം വലിയങ്ങാടി നവീകരിക്കുന്നു. വലിയങ്ങാടിയുടെ പൈതൃകം നിലനിർത്തിയാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നവീകരിക്കുന്നത്. നേരത്തെ കോർപ്പറേഷൻ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ വ്യാപാരികളേയും തൊഴിലാളികളേയും ഉൾപ്പെടുത്തി മേയർ തോട്ടത്തിൽ രവീന്ദ്രൻ തിങ്കളാഴ്ച മൂന്നിന് കോർപ്പറേഷൻ ഓഫീസിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വ്യാപാരികൾക്കും തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാവും നവീകരണം. 2018-19 ബജറ്റിൽ 20 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഒന്നരക്കോടിയെങ്കിലും ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ അന്തിമരൂപരേഖ ആയിട്ടില്ലെങ്കിലും പ്രാഥമികഘട്ടനടപടികൾ പുരോഗമിക്കുകയാണ്.



കടുത്തചൂടിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. പലപ്പോഴും ചൂടുകാലത്ത് മേലാപ്പ് കെട്ടിയാണ് പണിയെടുത്തിരുന്നത്. വലിയങ്ങാടിയിൽ മേൽക്കൂര ഒരുക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനചർച്ച. മേൽക്കൂര പണിത് അലങ്കാരവിളക്കുകൾ സ്ഥാപിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നുണ്ട്. നവീകരണവുമായി ബന്ധപ്പെട്ട് നേരത്തെ ഒരുവട്ടം ചർച്ച നടത്തിയിട്ടുണ്ട്. പല ആവശ്യങ്ങളും വ്യാപാരികളും തൊഴിലാളികളും മുന്നോട്ടുവെച്ചിട്ടുമുണ്ട്. എല്ലാവരുടേയും അഭിപ്രായം മാനിച്ച് മുന്നോട്ടുപോകാനാണ് കോർപ്പറേഷന്റെ തീരുമാനമെന്ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.വി. ലളിതപ്രഭ പറഞ്ഞു. മേൽക്കൂര കെട്ടിയാൽ കനത്ത ചൂടാണെങ്കിലും മഴയാണെങ്കിലും ജോലി ചെയ്യാൻ തടസ്സമുണ്ടാകില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതേസമയം നൂറുകണക്കിന് ലോറികൾ വന്നുപോകുന്ന വലിയങ്ങാടിയിൽ മേൽക്കൂരപണിതാൽ പുക പുറത്തേക്ക് പോകില്ലെന്നും ഇത് കൂടുതൽ പ്രശ്നമാകുമെന്ന അഭിപ്രായവുമുണ്ട്. തൊഴിലാളികൾ തന്നെ തയ്യാറാക്കിയ പദ്ധതി രൂപരേഖ നേരത്തേ കോർപ്പറേഷന് കൈമാറിയിട്ടുണ്ട്. മേയർ വിളിച്ച യോഗത്തിൽ എല്ലാത്തരം ആവശ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫുഡ്‌ഗ്രെയിൻസ് പ്രൊവിഷൻസ് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായ എ. ശ്യാം സുന്ദർ പറഞ്ഞു.

കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകണം


നൂറ്റാണ്ടുകളുടെ വാണിജ്യപാരമ്പര്യമാണ് വലിയങ്ങാടിക്ക് പറയാനുള്ളത്. ഒരുഭാഗത്ത് റോഡ് നന്നാക്കിയിട്ടുണ്ടെന്നൊഴിച്ചാൽ എടുത്തുപറയത്തക്ക മാറ്റമൊന്നും ഇപ്പോഴും ഈ അങ്ങാടിക്കില്ല. അരിയുടേയും പലവ്യഞ്ജനങ്ങളുടേയും പ്രത്യേകഗന്ധമാണ് എല്ലാകാലത്തും വലിയങ്ങാടിക്ക്. കൊപ്രബസാറും ഹലുവ ബസാറും ഗണ്ണി സ്ട്രീറ്റും പട്ടുതെരുവുമെല്ലാമായി അങ്ങാടി നീണ്ടുകിടക്കുകയാണ്. മുമ്പ് അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് മാത്രമാണ് ചരക്ക് എത്തിയിരുന്നത്. ഇപ്പോൾ ആ അവസ്ഥ മാറിയെങ്കിലും കോഴിക്കോടിന്റെ വ്യാപാരസിരാകേന്ദ്രം തന്നെയാണിപ്പോഴും. അട്ടിമറിത്തൊഴിലാളികളും വ്യാപാരികളുമെല്ലാമായി ദിവസം ആയിരക്കണക്കിന് പേർ വന്നുചേരുന്ന ഇടം. അടിസ്ഥാനസൗകര്യം ഒരുക്കുന്ന കാര്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വലിയങ്ങാടി യൂണിറ്റിന് പറയാനുള്ളത്. ഇവിടെ ഒമ്പത് കിണറുകളുണ്ടെങ്കിലും പലതും ഉപയോഗിക്കുന്നില്ലെന്നും അവയൊക്കെ പ്രയോജനപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കാനായി പൊതുപൈപ്പുകൾ, വലിയങ്ങാടിയിലെ പ്രധാന ഭാഗങ്ങളിലെല്ലാം ഹൈമാസ്റ്റ് ലൈറ്റുകൾ, എലികളുടെ ശല്യം കുറയ്ക്കാനുള്ള നടപടി, വർഷത്തിൽ രണ്ടുവട്ടമെങ്കിലും പൊതുലേലം എന്നിവയെല്ലാം വ്യാപാരികളുടെ ആവശ്യമാണ്. അതുപോലെ കോഴിക്കോടിന്റെ വ്യാപാരപൈതൃകം അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കാൻ പറ്റിയ സംവിധാനങ്ങളും വേണമെന്ന് ഒരു വിഭാഗം വ്യാപാരികൾ പറയുന്നു.

പൈതൃകം നിലനിർത്തും

വലിയങ്ങാടിയുടെ നവീകരണത്തെക്കുറിച്ച് മുമ്പുതന്നെ ആലോചനയുണ്ടായിരുന്നു. പൈതൃകം നിലനിർത്തിയുള്ള വികസന പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. വ്യാപാരികളുടേയും തൊഴിലാളികളുടേയുമെല്ലാം അഭിപ്രായം മാനിച്ചായിരിക്കും തുടർപ്രവർത്തനങ്ങൾ. ഏതൊക്കെ രീതിയിൽ, എന്തൊക്കെ സംവിധാനം ഒരുക്കണമെന്ന് ചർച്ചചെയ്ത് തീരുമാനിക്കും-തോട്ടത്തിൽ രവീന്ദ്രൻ (മേയർ)

Post a Comment

0 Comments