നരിക്കുനി റിങ്‌റോഡിന് പച്ചക്കൊടി


നരിക്കുനി: അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അനുവദിച്ച റിങ് റോഡ് പദ്ധതി നടപ്പാക്കാൻ കാരാട്ട് റസാഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. സ്ഥലം വിട്ടുനൽകാൻ സന്നദ്ധരാവാത്തവരിൽനിന്ന്‌ സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചു. ജില്ലാ-ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും വ്യാപാരമേഖലാ പ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവരുടെയും യോഗത്തിലാണ് തീരുമാനം.



പദ്ധതിമൂലം സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്ന ഏതാനുംപേർ തങ്ങൾക്കുണ്ടാകുന്ന നഷ്ടം വിശദീകരിച്ചു. സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരമായി പൊതു മാർക്കറ്റിലെ വില നൽകണമെന്നും റോഡിന്റെ വീതി എട്ടുമീറ്ററാക്കണമെന്നും ഒരാളുടെ സ്ഥലംമാത്രം എടുക്കുന്ന തീരുമാനമുണ്ടാകരുതെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രധാന റോഡിൽനിന്നും കയറുന്ന തുടക്കഭാഗത്തെ വീതി 24 മീറ്ററും റോഡ് 15 മീറ്ററിലുമാണ് നിർമിക്കുക. 2009-ൽ അനുവദിക്കപ്പെട്ട പദ്ധതിയുടെ രൂപരേഖയും മറ്റും മാറ്റുക ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ വിശദീകരിച്ചു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



വയലിലൂടെ കടന്നുപോകുന്ന റോഡ് ഉയർത്തിയാണ് നിർമിക്കുക. ഇതിൽ അടിഭാഗം 15 മീറ്ററാണെങ്കിലും ടാറിങ്‌ ഏഴുമീറ്ററും ഇരുവശവുമായി ഒന്നരമീറ്റർവീതം നടപ്പാതയ്ക്കും മറ്റുമായി മാറ്റിയിടും. ദീർഘകാല പദ്ധതിയായതുകൊണ്ട് വീതികുറയ്ക്കുന്നത് സാധ്യമാവില്ല. നാല് റീച്ചുകളിലായി കിടക്കുന്നതാണ് റിങ്‌ റോഡിന്റെ സ്ഥലം. ഇതിൽ ചാലിയേക്കരത്താഴത്തുനിന്നും കുമാരസ്വാമി റോഡുമായും കുമാരസ്വാമി റോഡിൽനിന്ന്‌ തുടങ്ങി ബൈത്തുൽ ഇസ്സയ്ക്കുസമീപം അവസാനിക്കുന്നരീതിയിലും രണ്ട് റീച്ചുകളിലെ റോഡാണ് ബൈപ്പാസായി ആദ്യഘട്ടത്തിൽ നിർമിക്കുക. പിന്നീട് ഇവ ബന്ധിപ്പിച്ച് റിങ്‌ റോഡാക്കി മാറ്റും. 2009-ലാണ് പദ്ധതിക്ക് സർക്കാർ ഒൻപതരക്കോടി നീക്കിവെച്ചത്. സ്ഥലമുടമകളിൽ ചിലർ സ്ഥലം വിട്ടുനൽകാൻ തയ്യാറാവാത്തിനെത്തുടർന്നാണ് പദ്ധതി നീണ്ടുപോയത്.

Post a Comment

0 Comments