ബൈപാസ് ആറുവരിപ്പാത വികസനം: നിർമാണം യുഎൽസിസിഎസ് ഏറ്റെടുത്തേക്കും

Representation Design

കോഴിക്കോട്∙ നിർമാണം തുടങ്ങാൻ വൈകുന്ന കോഴിക്കോട് ബൈപാസ് വികസന പദ്ധതിയിലേക്ക് യുഎൽസിസിഎസ് എത്തുന്നു. കരാറെടുത്ത  കമ്പനിയുമായുളള എൻജിനീയറിങ് പ്രോക്യൂർമെന്റ് കോൺട്രാക്ടിലൂടെ (ഇപിസി)  റോഡ് നിർമാണം പൂർണമായും  സൊസൈറ്റിയെ ഏൽപിക്കുന്നതാണ് ദേശീയ പാത അതോറിറ്റി പരിഗണിക്കുന്നത്. 1700 കോടിയുടെ പദ്ധതി കരാറെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് ജോലി ആരംഭിക്കുന്നതിനു മുന്നോടിയായി ബാങ്ക് ഗാരന്റി സമർപ്പിക്കാൻ കഴിയാതെവന്നതാണു പ്രതിസന്ധിയായത്.ഏപ്രിലിൽ കരാർ ഒപ്പിട്ടെങ്കിലും ഇനിയും ജോലിതുടങ്ങാനാകാത്ത സാഹചര്യത്തിൽ എം.കെ.രാഘവൻ എംപിയുടെ നേതൃത്വത്തിൽ മറ്റുമാർഗങ്ങൾ തേടുകയായിരുന്നു. അതോറിറ്റി മെംബർ ടെക്നിക്കൽ ഒ.എച്ച്. താവഡേയുമായി എംപി ചർച്ച നടത്തിയാണ് അനുകൂല തീരുമാനമുണ്ടാക്കിയത്. കരാറെടുത്ത കെഎംസിയുടെയും യുഎൽസിസിഎസിന്റെയും ഉദ്യോഗസ്ഥരുമായും എംപിതന്നെ ചർച്ചനടത്തി. തുടർന്നാണ് പദ്ധതിയിൽ സഹകരിക്കാൻ യുഎൽസിസിഎസ് തയാറായത്. പദ്ധതി നിർവഹണത്തിനായി രൂപീകരിച്ചിരിക്കുന്ന കാലിക്കറ്റ് എക്സ്പ്രസ് വേ ലിമിറ്റഡ് കമ്പനിയുടെ 49% ഓഹരി വാങ്ങും.

85 കോടിയുടെ ബാങ്ക് ഗാരന്റി യുഎൽസിസിഎസ് ഈ മാസം 31നുള്ളിൽ സമർപ്പിക്കുകയും വേണം.  ഇതിനുമുന്നോടിയായി ഇരുകമ്പനികളും തമ്മിലുള്ള ധാരണയും ഒപ്പുവയ്ക്കണം.  നാട്ടുകാർ പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന പദ്ധതി ടെൻഡർ ചെയ്തിട്ടും വീണ്ടും വൈകുന്ന സാഹചര്യത്തിലാണ് മറ്റുമാർഗങ്ങൾ തേടിയതെന്നു രാഘവൻ എംപി പറഞ്ഞു. അതോറിറ്റി നൽകിയ കാലാവധി പാലിക്കാൻ കെഎംസിക്ക് ആയിട്ടില്ല.ഈ സാഹചര്യത്തിൽ റീടെൻഡറിങ്ങിലേക്കോ മറ്റു നടപടികളിലേക്കോ കടന്നാൽ വർഷങ്ങൾ വീണ്ടും കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുമായി ബന്ധപ്പെട്ടതിനുശേഷം യുഎൽസിസിഎസുമായി സംസാരിച്ച് ഇപിസിയുടെ സാധ്യത തേടിയത്.  കോഴിക്കോട് നഗരത്തിലടക്കം ഒട്ടേറെ പദ്ധതികൾ മികച്ചരീതിയിൽ നടപ്പാക്കിയ സൊസൈറ്റിക്ക് ബൈപാസ് വികസനവും നിർവഹിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും രാഘവൻ പറഞ്ഞു.

നിലവിലെ രണ്ടുവരി പാത നിർമിച്ചതും ULCCS


നിലവിൽ 2 വരിയിലുള്ള കോഴിക്കോട് ബൈപാസ് നിർമിച്ചതും ഊരാളുങ്കൽ സൊസൈറ്റിയാണ്. അവസാനഘട്ടമായ പൂളിടിക്കുന്ന് – വെങ്ങളം ഭാഗം റെക്കോർഡ് വേഗത്തിലായിരുന്നു നിർമാണം. നേരത്തേ ബൈപാസ് 6 വരിയാക്കാനുള്ള പദ്ധതിയുടെ ടെൻഡറിൽ സൊസൈറ്റി പങ്കെടുത്തിരുന്നു.

രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്റർ റോഡ് 45 മീറ്ററിൽ  നിർമിക്കാൻ സ്ഥലമേറ്റെടുത്തിട്ട് 28 വർഷം കഴിഞ്ഞു. ദേശീയപാതയുടെ വികസനത്തിന് മലപ്പുറത്തും കോഴിക്കോട് ജില്ലയുടെ മറ്റുഭാഗങ്ങളിലും സ്ഥലമേറ്റെടുക്കാത്തതിനാൽ ദേശീയപാത അതോറിറ്റി പദ്ധതി ഏറ്റെടുത്തില്ല. പിന്നീട് ജനപ്രതിനിധികളുടെ സമ്മർദത്തെ തുടർന്ന് 2 വരിയിലായി സംസ്ഥാനംതന്നെ റോഡ് നിർമിച്ചു.2015-ൽ കേന്ദ്രന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനത്തോടെയാണ് വികസന പദ്ധതിക്കു പുതുജീവൻ വച്ചത്. ബൈപാസ് ആറുവരിയാക്കൽ സ്റ്റാൻഡ് എലോൺ പദ്ധതിയായി 2016ൽ തന്നെ ആരംഭിക്കുമെന്നായിരുന്നു തീരുമാനം. എങ്കിലും ഡിപിആർ തയാറാക്കാനുള്ള കൺസൽറ്റൻസിയെ കണ്ടെത്തുന്നത് വൈകി. ഡിപിആർ തയാറാക്കി പദ്ധതി ടെൻഡർ ചെയ്തെങ്കിലും ചെലവ് അധികമാണെന്ന കാരണത്താൽ കേന്ദ്ര അനുമതി വൈകി. ഇതിനാൽ ടെൻഡർ തുറക്കുന്നത് 7 തവണ മാറ്റിവച്ചു. ഇതിനിടെ പ്രദേശവാസികളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള അടിപ്പാതകളും മേൽപാലങ്ങളും എം.കെ.രാഘവൻ എംപിയുടെ  ഇടപെടലിനെത്തുടർന്ന് ഡിപിആറിൽ ഉൾപ്പെടുത്തുകയും ചെയ്തു. 2017 ഡിസംബറിൽ ടെൻഡർ തുറന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല.

Post a Comment

0 Comments