കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തൊണ്ടയാട്ടും രാമനാട്ടുകരയിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച രണ്ട് മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 28 ന് രാവിലെ 10 മണിക്കും 11.30 നുമായി രണ്ട് പ്രത്യേക ചടങ്ങുകളില്‍ വെച്ച് നാടിന് സമര്‍പ്പിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എം.എല്‍.മാരായ ഡോ. എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പ് നടത്തിയ അശ്രാന്ത പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ രണ്ട് മേല്‍പ്പാലങ്ങളും ഇപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
നാല്പത്തയ്യാരിത്തോളം വാഹനങ്ങള്‍ ഒരു ദിവസം കടന്ന് പോകുന്നിടത്താണ് തൊണ്ടയാട് മേല്‍പ്പാലം. ദേശീയപാതയുടെ നിര്‍ദ്ദിഷ്ട 6 വരികളില്‍ നേര്‍പകുതി ഈ മേല്‍പ്പാലത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ പണം മുടക്കി സാക്ഷാത്കരിച്ചിരിക്കുകയാണ്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി മൂന്ന് വരികളുള്ള മറ്റൊരു മേല്‍പ്പാലം ഇവിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നതാണ്. 51 കോടി രൂപയാണ് തൊണ്ടയാട് മേല്‍പ്പാലത്തിന്റെ ചെലവ്. ചെലവ് പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ വഹിച്ചു. ഡിസൈനും നിര്‍വ്വഹണവും എല്ലാം സംസ്ഥാന പൊതുമരാമത്ത് തന്നെയാണ് നിര്‍വ്വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തിയത്. നിര്‍മ്മാണം പൂര്‍ണ്ണമായും പിണറായി സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. എന്നാല്‍ 2016 മാര്‍ച്ച് നാലിന് പ്രവര്‍ത്തി ആരംഭിച്ചിരുന്നു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
തെരഞ്ഞെടുപ്പ് വന്നതിനാല്‍ നടന്നില്ല. മെയ് മാസം കഴിഞ്ഞാണ് യഥാര്‍ത്ഥ നിര്‍മ്മാണം ആരംഭിച്ചത്. പാലത്തിന്റെ നീളം 475 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡ് 550 മീറ്റര്‍. ഇരുഭാഗത്തും സര്‍വ്വീസ് റോഡുകള്‍. 84 പൈലുകള്‍ 17 തൂണുകള്‍ 18 സ്പാനുകള്‍ ആകെ 15578 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഈ പാലത്തിന് ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 ലെ മികച്ച കോണ്‍ക്രീറ്റ് നിര്‍മ്മതിക്കുള്ള അവാര്‍ഡ് ലഭിച്ചു. രാവും പകലും അശ്രാന്തപരിശ്രമം നടത്തിയാണ് തൊണ്ടയാട് മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് സാത്ക്ഷാത്കരിച്ചിരിക്കുന്നത്. കോഴിക്കോട് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് അതിമനോഹരമായി തൊണ്ടയാട്ട് രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാമനാട്ടുകര മേല്‍പ്പാലത്തിന് 75 കോടി രൂപയാണ് ചെലവ്.
രണ്ട് മേല്‍പ്പാലങ്ങള്‍ക്കുമായി 127 കോടി രൂപയാണ് ആകെ ചെലവ്. 45000 വാഹനങ്ങളാണ് പ്രതിദിനം ഈ മേല്‍പ്പാലങ്ങളില്‍ കൂടി കടന്ന് പോകേണ്ടത്. കേഴിക്കോട് ദേശീയപാത 66 ലെ കോഴിക്കോട് ബൈപ്പാസിലെ ഗതാഗതത്തിരക്ക് ഈ മേല്‍പ്പാലങ്ങള്‍ വഴി ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാമനാട്ടുകര പാലത്തിന് 6 സ്പാനുകളാണ് ഉള്ളത്. ദേശീയപാത അതോറിറ്റി കൂടി രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതോടുകൂടി ആറ് വരിപ്പാത ഇവിടെ യാഥാര്‍ത്ഥ്യമാവും. 2016 ഫെബ്രുവരിയില്‍ ഭരണാനുമതി കിട്ടിയെങ്കിലും രാമനാട്ടുകര മേല്‍പ്പാലത്തിന്റെ പണി തുടങ്ങിയത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. ഇതിന്റെ ഡിസൈനും നിര്‍വ്വഹണവും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. ഈ പ്രവൃത്തിയും ചെയ്യുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. ഈ മേല്‍പ്പാലത്തിന്റെ നീളം 440 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡുകളും സര്‍വ്വീസ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കോണ്‍ക്രീറ്റ് പാലങ്ങളുണ്ട്.
യൂറ്റിലിറ്റി ഡക്ട് അടക്കമുള്ള ആധുനീക രീതികള്‍ അവലംബിച്ചിട്ടുണ്ട്. ആകെ ഉപയോഗിച്ച കോണ്‍ക്രീറ്റ് 20266 ക്യൂബിക് മീറ്ററാണ്. 70 പൈലുകള്‍, 13 തൂണുകള്‍, 14 സ്പാനുകള്‍ എന്നിവയുണ്ട്. എഞ്ചിനീയര്‍മാരായ മുഹമ്മദ് ബഷീര്‍, ഇ.കെ.ഹൈദ്രു, സിന്ധു, കെ.പി. ചന്ദ്രന്‍, ബൈജു, തുഷാര, രമ്യ, വിനയന്‍, മുഹമ്മദ് ഷഫീഖ്, ഹിമ, നുറൂദ്ദീന്‍, ഹാരീഷ്, സതീഷ്‌കുമാര്‍ എന്നിവരും ഇതിന്റെ നിര്‍മ്മാണത്തില്‍ ആത്മാര്‍ത്ഥമായി പങ്കു വഹിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെയും മൂന്നാമത്തെയും മേല്‍പ്പാലങ്ങളാണിവ.
കൂടാതെ നഗര റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി ആറ് റോഡുകള്‍ മുഖ്യമന്ത്രി തന്നെ നാടിന് സമര്‍പ്പിച്ചിരുന്നു. അവ ചെയ്തതും ഊരാളുങ്കലാണ്. പുതിയ കാലം പുതിയ വികസനം എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നവകേരളത്തിനായുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ രാമനാട്ടുകര, തൊണ്ടയാട് മേല്‍പ്പാലങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. താമസിയാതെ തന്നെ കൊല്ലം, ആലപ്പുഴ ബൈപ്പാസുകളും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നതാണ്. ഡിസംബര്‍ 28 ന് 10 നും 11.30 നും കോഴിക്കോട്ട് നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ എല്ലാ വികസന സ്നേഹികളുടെയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.
0 Comments