കൂരാച്ചുണ്ടിൽ വില്ലേജ് ഏകീകരണപ്രഖ്യാപനം 12-ന്



കൂരാച്ചുണ്ട്: പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളെല്ലാം കൂരാച്ചുണ്ട് വില്ലേജാക്കി പുനർനിശ്ചയിച്ചുള്ള പ്രഖ്യാപനം 12-ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. ഏറെ കാലമായി നികുതിയടയ്ക്കാൻ പറ്റാതിരുന്ന കർഷകരുടെനികുതി സ്വീകരിക്കലും റവന്യൂരേഖകൾ നൽകലും ഈ ദിവസം നടക്കും. ഉച്ചയ്ക്ക് രണ്ടിന് കൂരാച്ചുണ്ട് ഹിബ്ബാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി., പുരുഷൻ കടലുണ്ടി എം.എൽ.എ., ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക മിതി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ്, വില്ലേജ് ഓഫീസർ ഷാജി, ഒ.ഡി. തോമസ് എന്നിവർ അറിയിച്ചു.



കൂരാച്ചുണ്ട് പഞ്ചായത്തിലെ ചില പ്രദേശങ്ങൾ മറ്റ് വില്ലേജുകളിലും സമീപ പഞ്ചായത്തിലെ ചില പ്രദേശങ്ങൾ കൂരാച്ചുണ്ട് വില്ലേജിലുമായിരുന്ന പ്രശ്നം പരിഹരിക്കുന്നതിനാണ് വില്ലേജ് ഭൂപരിധി പുനർക്രമീകരിച്ചത്. നേരത്തെ ഇതിനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് പ്രഖ്യാപനം നടത്തുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപാറ വില്ലേജുകളിലെ കർഷകരുടെ ഭൂനികുതി പ്രശ്നത്തിനും നേരത്തെയുള്ള സർക്കാർ തീരുമാന പ്രകാരമാണ് പരിഹാരം കാണുന്നത്. 1977-ന് മുമ്പ് കർഷകരുടെ കൈവശമുള്ള സ്ഥലത്തിന്റെ ആധാരം, പട്ടയം, നികുതി രശീതി, റബ്ബർ ബോർഡ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഹാജരാക്കുന്നവർക്കാണ് ഭൂമിയുടെ നികുതി സ്വീകരിച്ച് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്. 2016 ഓഗസ്റ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന ഉന്നതതല യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് 2017-ൽ നികുതി സ്വീകരിച്ചിരുന്നു. എന്നാൽ കൈവശാവകാശ രേഖ നൽകിയിരുന്നില്ല. വനംവകുപ്പ് തർക്കമുന്നയിച്ച ഭൂമികളിൽ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞവർഷം മേയിൽ സർക്കാർ നിർദേശപ്രകാരം നികുതി സ്വീകരിച്ച് റവന്യൂരേഖകൾ നൽകുന്നതിന് കളക്ടർ വില്ലേജ് ഓഫീസർമാർക്ക് ഉത്തരവ് നൽകുകയും ചെയ്തിരുന്നു. ഓഗസ്റ്റ്‌ 18-ന് പ്രഖ്യാപനത്തിനും റവന്യൂരേഖകൾ നൽകാനും തീരുമാനച്ചിരുന്നുവെങ്കിലും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരിപാടി മാറ്റിയതാണ്.

Post a Comment

0 Comments