കരിപ്പൂരിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു


കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു. ടെര്‍മിനലില്‍ കൗണ്ടറുകള്‍ അടക്കം ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ കമ്പനി ഭാഗികമായി എയര്‍പോര്‍ട്ട് അതോരിറ്റിക്ക് കൈമാറി.കസ്റ്റംസ്,എമിഗ്രേഷന്‍ വിഭാഗത്തിനോട് പുതിയ ടെര്‍മിനലിലേക്ക് പ്രവര്‍ത്തനം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഉദ്ഘാടന തിയതി നിശ്ചയിക്കുക.ഇതോടെ നിലവിലുളള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്ന കേന്ദ്രം മാത്രമായി മാറും.



17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്.ടെര്‍മിനലില്‍ രണ്ട് എയ്‌റോ ബ്രിഡ്ജുകള്‍, രണ്ട് എസ്‌കലേറ്ററുകള്‍, മൂന്ന് ലിഫ്റ്റുകള്‍,38 എമിഗ്രേഷന്‍ കൗണ്ടറുകള്‍,15 കസ്റ്റംസ് കൗണ്ടറുകള്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍, ഇരുനിലകളിലായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി എട്ട് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ടെര്‍മിനലില്‍ ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍കൊളളാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മാണം. ഇതോടെ വിമാനമിറങ്ങുന്ന യാത്രക്കാരന് വേഗത്തില്‍ ടെര്‍മിനലിന് പുറത്തിറങ്ങാന്‍ കഴിയും. ട്രാന്‍സിറ്റ് ലോഞ്ചും പ്രാര്‍ഥനാഹാളും ഡ്യൂട്ടീ ഫ്രീ ഷോപ്പും ഇവിടെ ഒരുക്കുന്നുണ്ട്. 85.18 കോടി രൂപ ചെലവില്‍ കെട്ടിടവും 35 കോടി രൂപ ചെലവിലാണ് മറ്റു സൗകര്യങ്ങളും ടെര്‍മിനലിനുളളില്‍ നിര്‍മിച്ചിരിക്കുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



2016 ജനുവരി 29നാണ് പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്.പിന്നീട് നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ ആരംഭിച്ചെങ്കിലും കൊടും വരള്‍ച്ചയിലും പ്രകൃതിക്ഷോഭത്തിലും നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.പുതിയ ടെര്‍മിനല്‍ പഴയ ടെര്‍മിനലുമായി കൂട്ടിച്ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്.ഈ മാസം അവസാനത്തോടെ തന്നെ യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ തുറന്ന് നല്‍കാനാണ് തീരുമാനം.

Post a Comment

0 Comments