കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നാളെ ഉച്ചയ്ക്ക് 12-ന് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. 120 കോടി രൂപ ചെലവിലാണ് ടെർമിനൽ പൂർത്തിയാക്കിയത്. 17,000 ചതുരശ്ര അടിയിൽ രണ്ടു നിലകളിലണ് ആഗമന ടെർമിനൽ പണിതിരിക്കുന്നത്. ഇതോടെ നിലവിലെ ആഗമന ടെർമിനൽ ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രമായി മാറും.
അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയുന്ന രീതിയിലാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്.ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർഥാന മുറി, വിസ ഓണ്‍ അറൈവൽ യാത്രക്കാർക്ക് മൂന്നു കൗണ്ടറുകളടക്കം പുതിയ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്. വിസയില്ലാതെ എത്തി മടക്കി അയക്കേണ്ട യാത്രക്കാരെ തമാസിപ്പിക്കാൻ ഡിറ്റൻഷൻ സെന്ററുമുണ്ട്. വിമാനത്തിൽ നിന്ന് നേരിട്ട് ടെർമിനലിലെത്താൻ മൂന്നു എയ്റോ ബ്രിഡ്ജുകളാണ് പുതുതായി സ്ഥാപിച്ചത്.
ഇതോടെ എയറോ ബ്രിഡ്ജുകളുടെ എണ്ണം കരിപ്പൂരിൽ ആറായി ഉയരും. യാത്രക്കാർക്ക് വേഗത്തിൽ ബാഗേജുകൾ കൈപ്പറ്റാൻ അഞ്ച് എക്സറേ മെഷിനുകളും കണ്‍വെയർ ബെൽറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ രണ്ടെണ്ണമാണുളളത്. എസ്കലേറ്റുകൾ, മൂന്ന് ലിഫ്ററുകൾ, 38 ഇമിഗ്രേഷൻ കൗണ്ടറുകൾ, 15 കസ്റ്റംസ് കൗണ്ടറുകളും പുതിയ ടെർമിനലിലുണ്ട്. യാത്രക്കാരെ ദേഹപരിശോധക്ക് രണ്ട് ഡോർഫ്രൈം മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഒരെണ്ണമാണ് കരിപ്പൂരിലുള്ളത്. ആയതിനാൽ പരിശോധനകൾക്ക് ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇരുനിലകളിലായി സ്ത്രീകൾക്കും പുരുഷൻമാർക്കുമായി എട്ട് ടോയ്ലറ്റ് ബ്ലോക്കുകളും ഒരുക്കിയിട്ടുണ്ട്.
ടെർമിനലിൽ കൗണ്ടറുകൾ അടക്കമുളള പ്രവൃത്തികൾ പൂർത്തിയാക്കി കരാർ കന്പനി വിമാനത്താവള അഥോറിറ്റിക്ക് കഴിഞ്ഞ മാസം കൈമാറിയിരുന്നു. പഴയ ടെർമിനലിനോട് ചേർത്താണ് പുതിയ ടെർമിനൽ നിർമിച്ചിരിക്കുന്നത്.ഇതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ ടെർമിനൽ കരിപ്പൂരിലേതാകും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments