കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിന് തുടര്‍ച്ചയായ രണ്ടാം വിജയം. യു മുംബ വോളിയെ രണ്ടിനെതിരേ മൂന്ന് സെറ്റിന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഹീറോസ് രണ്ടാം ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 15-10, 12-15, 15-13, 14-15, 15-9. കളിച്ച രണ്ടു മത്സരങ്ങളിലും യു മുംബ തോറ്റു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അജിത് ലാല്‍ കാലിക്കറ്റിന്റെ ടോപ്സ്‌കോററായി (16). ക്യാപ്റ്റന്‍ ജെറോം വിനീതാണ് തൊട്ടുപിന്നില്‍(14). യു മുംബയുടെ ദീപേഷ് കുമാര്‍ 11 പോയന്റ് നേടി. യു മുംബയുടെ സഖ്ലൈന്‍ താരിഖാണ് കളിയിലെ കേമന്‍.
ആദ്യ സെറ്റില്‍ അജിത് ലാലിന്റെ സ്മാഷുകള്‍ കാലിക്കറ്റിന് പോയിന്റുകള്‍ സമ്മാനിച്ചപ്പോള്‍ മറുവശത്ത് നിക്കോളാസും ദീപേഷും വെല്ലുവിളിയുയര്‍ത്തി. അവസാനം ആദ്യ സെറ്റ് കാലിക്കറ്റിനൊപ്പം നിന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ യു മുംബ തിരിച്ചുവന്നു. കൂടുതല്‍ വീറോടെ പൊരുതിയ മുംബ 12-15ന് സെറ്റ് സ്വന്തമാക്കി ഒപ്പം പിടിച്ചു. ലിബറോ രതീഷിന്റെ സേവുകളും നായകന്‍ ജെറോമിന്റെ സ്മാഷുകളും പാഴായതാണ് കാലിക്കറ്റിന് തിരിച്ചടിയായത്.
മൂന്നാം സെറ്റില്‍ വിജയിക്കാനുറച്ചിറങ്ങിയ കാലിക്കറ്റ് ഹീറോസിന് പക്ഷെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. മത്സരത്തിലെ ഏറ്റവും വാശിയേറിയ സെറ്റില്‍ പോയിന്റ് നില മാറി മറിഞ്ഞു നിന്നു. 12-12 എന്ന സ്‌കോറില്‍ നിന്ന് ജെറോം വിനീതിന്റെ ബുള്ളറ്റ് സ്മാഷില്‍ കാലിക്കറ്റ് മുന്നിലെത്തി. എന്നാല്‍ വിട്ടുകൊടുക്കാന്‍ മുംബൈ നായകന്‍ ദീപേഷും തയ്യാറല്ലായിരുന്നു. അവസാന നിമിഷം അജിത് ലാല്‍ ഒരിക്കല്‍ കൂടി ലക്ഷ്യം കണ്ടപ്പോള്‍ കാലിക്കറ്റ് 15-13ന് മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിലും അക്കൗണ്ട് തുറന്നത് കാലിക്കറ്റ് തന്നെ. അജിത് ലാലിന്റെ മികവിലായിരുന്നു ഇത്. എന്നാല്‍ മുംബൈ ഒരു ഘട്ടത്തില്‍ 13-10ന് ലീഡെടുത്തു. അവിടെ നിന്നും 14-14ന് സ്‌കോര്‍ എത്തിയ്ക്കാന്‍ കോഴിക്കോടിന് സാധിച്ചെങ്കിലും ജയം മുംബയ്‌ക്കൊപ്പമായിരുന്നു.
നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ആദ്യ സെര്‍വ് തന്നെ പോയിന്റാക്കി മാറ്റി ജെറോം വിനീത് കാലിക്കറ്റിന് മികച്ച തുടക്കം നല്‍കി. ആദ്യം ലഭിച്ച ആധിപത്യം തുടരാന്‍ കാലിക്കറ്റിനായില്ല. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നീങ്ങി. എന്നാല്‍ യു മുംബ വിളിച്ച സൂപ്പര്‍ പോയിന്റ് തങ്ങള്‍ക്കനുകൂലമാക്കിയും സൂപ്പര്‍ സെര്‍വിലൂടെയും ലഭിച്ച ബോണസ് പോയിന്റില്‍ കാലിക്കറ്റ് 12-6 ന്റെ ലീഡിലേക്കുയര്‍ന്നു. കോസ്‌കോവിച്ചിന്റെ സെര്‍വ് പാഴായതോടെ 15-9ന് അഞ്ചാം സെറ്റ് സ്വന്തമാക്കി കാലിക്കറ്റ് തുടര്‍ച്ചയായ രണ്ടാം ജയത്തിലെത്തി.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments