തിരുവമ്പാടി ടൗൺ മാസ്റ്റർ പ്ലാൻ: അവലോകന യോഗം ചേർന്നു

തിരുവമ്പാടി ബസ് സ്റ്റാന്റ്

തിരുവമ്പാടി:ടൗൺ നവീകരണത്തിന്റെ മാസ്റ്റർ പ്ലാൻ അവലോകന യോഗം ചേർന്നു പദ്ധതികൾ വിലയിരുത്തി. ടൗണിലെ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും പരിഹാരമായ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു. ജോർജ് എം.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.



ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 5 പുതിയ കലുങ്കുകളും പുതിയ 6 ഓവുചാലുകളും നിർമിക്കും. ടൗണിലെ റോഡിന്റെ വീതികൂട്ടി നിലവിലുള്ള ഓവുചാലുകൾ ശാസ്ത്രീയമായി പരിഷ്കരിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്തു. ടൗൺ വികസനത്തിന് ഹ്രസ്വ –ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് എംഎൽഎ സൂചിപ്പിച്ചു. ഇപ്പോൾ ബജറ്റിൽ വകയിരുത്തിയ 3.5 കോടിക്കു പുറമേ പദ്ധതികളുടെ ഡിപിആർ തയാറാക്കുന്നത് അനുസരിച്ച് കൂടുതൽ ഫണ്ട് ലഭ്യമാക്കും.

പുതിയ ബൈപാസ് റോഡുകൾ, ബസ് സ്റ്റാൻഡിന്റെ വിപുലീകരണം., പാർക്കിങ് കേന്ദ്രങ്ങൾ, വിനോദ–വിശ്രമ കേന്ദ്രങ്ങൾ, കുടിയേറ്റ ചരിത്ര സ്മാരകങ്ങൾ എന്നിവ ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ കഴിയുമെന്ന് എംഎൽഎ സൂചിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എഇ സുരേഷ് ബാബു, സർവേയർ ജോമോൻ ലൂക്കോസ് എന്നിവർ പദ്ധതികൾ അവതരിപ്പിച്ചു. ബോസ് ജേക്കബ്, ജിജി കെ.തോമസ്, കെ.സി.ജോൺ കൂവപ്പാറ, തോമസ് വലിയപറമ്പൻ, ജോളി ജോസഫ്, കെ.കെ.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments