നിർധനരായ രോഗികൾക്ക് കാരുണ്യഭവനം; കെയർ ഹോം 31-ന് നാടിൻ സമർപ്പിക്കും



കോഴിക്കോട്: നിർധനരായ രോഗികൾക്ക് മെഡിക്കൽകോളേജിനടുത്ത് മറ്റൊരു സാന്ത്വന കേന്ദ്രംകൂടി ഒരുങ്ങി. 30 സെന്റിൽ 44,000 സ്ക്വയർഫീറ്റിൽ ഹെൽപിങ് ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘കെയർ ഹോം’ എന്ന സ്നേഹസൗധം. കീമോതെറാപ്പിയും ശസ്ത്രക്രിയയും കഴിഞ്ഞ രോഗികൾക്ക് അണുവിമുക്തി നേടാവുന്ന കാലയളവ് വരെ ഇവിടെ സൗജന്യമായി താമസിക്കാം. ഭക്ഷണം, മരുന്ന്, ഡോക്ടർമാരുടെയും നഴ്സ്‌മാരുടെയും സേവനം എന്നിവ സൗജന്യമായി ലഭിക്കും. ലാബ്, ഫാർമസി, ആംബുലൻസ് സൗകര്യങ്ങളുമുണ്ട്. അങ്ങനെ ‌ഒരു രോഗിക്ക് വേണ്ടതെല്ലാം ഒരു രൂപ പോലും വാങ്ങാതെ ഇവിടെനിന്ന് ലഭിക്കും. 31-ന് ഞായറാഴ്ച വൈകീട്ട്  മുഖ്യന്ത്രി പിണറായി വിജയൻ ഈ സ്നേഹസൗധം നാടിനായി സമർപ്പിക്കും.



മെഡിക്കൽകോളേജിലെ രോഗികൾക്ക് മാത്രം

മെഡിക്കൽകോളേജിൽ നിന്നുള്ള 100 രോഗികൾക്ക് സൗജന്യമായി താമസിക്കാനുള്ള സൗകര്യമാണ് ഒളിമ്പ്യൻ‌റഹ്മാൻ സ്റ്റേഡിയത്തിനടുത്തുള്ള കെയർഹോമിൽ ഒരുക്കിയിരിക്കുന്നത്. ഡോക്ടറുടെ അനുമതിപത്രത്തോടെ നിർധനരായരോഗികൾക്ക് മാത്രമാണ് പ്രവേശനം. ആധുനികനിലവാരമുള്ള ശീതീകരിച്ച മുറികളാണ് ഇവിടെയുള്ളത്. ബാത്ത് റൂം അറ്റാച്ച്ഡാണ് എല്ലാം. രോഗികൾക്ക് ഭക്ഷണം മുറികളിലേക്കെത്തും. ലിഫ്റ്റും ഓരോ നിലയിലും നഴ്സിങ് സ്റ്റേഷനുമുണ്ട്. ചില മുറികളിൽ രണ്ട് രോഗികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. വായുസഞ്ചാരം ഏറെ ലഭിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്പന. 24 മണിക്കൂറും നഴ്സുമാരുടെയും ആംബുലൻസിന്റെയും സേവനവും ലഭിക്കും. രോഗത്തെക്കുറിച്ച്മാത്രം ചിന്തിക്കാതെ മനസ്സിനെ ശാന്തമാക്കാനും ഇവിടെ സൗകര്യമുണ്ട്. യോഗയ്ക്കും കൗൺസലിങ്ങിനുമായി പ്രത്യേക സംവിധാനമുണ്ട്. വായിക്കാനായി ഇഷ്ടംപോലെ പുസ്തകങ്ങളുണ്ട്. ടെലിവിഷനും കാണാം. കെട്ടിടത്തിനോട് ചേർന്ന് പ്രൊഫ. ടി. ശോഭീന്ദ്രൻറെ നേതൃത്വത്തിൽ ഔഷധത്തോട്ടവും നിർമിക്കുന്നുണ്ട്.

കുട്ടികൾക്കായി പ്രത്യേകവാർഡ്

ലുക്കീമിയ ബാധിച്ച കുട്ടികളെ പ്രവേശിപ്പിക്കാനായി ഒരു നില തന്നെ സജ്ജീകരിച്ചിട്ടുണ്ട്. മനോഹരമായ നിറങ്ങളിൽ കുട്ടികളെ ആകർഷിക്കുന്നതാണ് ഓരോ മുറിയും. പച്ചയും നീലയും മഞ്ഞയും നിറഞ്ഞ ചുമരുകളിൽ പ്രകൃതിയുടെ കാഴ്ചകളും കാർട്ടൂണുമാണ് വരച്ചിരിക്കുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള ഇടവും പഠനമുറിയും ഈ നിലയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടുചേർന്ന് കുട്ടികളുടെ ലൈബ്രറിയും സജ്ജീകരിക്കും.

സന്ദർശകർക്ക് പ്രവേശനമില്ല

സന്ദർശകർക്ക് കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണമായും അണുവിമുക്തമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ നിയന്ത്രണം. എങ്കിലും രോഗികളുമായി കണ്ട് സംസാരിക്കാം. ഇതിനായി രണ്ടു മുറികളിൽ വീഡിയോ കോൺഫറൻസിങ് സംവിധാനം ഉണ്ട്.

കാരുണ്യഭവനം (കെയർ ഹോം)

ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിലരുടെ അപ്രതീക്ഷിത മരണങ്ങളാണ് ഹെൽപിങ് ഹാൻഡിനെ ‘കെയർ ഹോം’ എന്ന പദ്ധതിക്ക് തുടക്കമിടാൻ പ്രേരിപ്പിച്ചത്. കാൻസർ രോഗികളും വൃക്കരോഗികളും ശസ്ത്രക്രിയയ്ക്ക് ശേഷം മരിക്കുന്നത് അണുബാധയേറ്റാണെന്ന കണ്ടെത്തലും ഇത്തരമൊരു പദ്ധതിയിലേക്ക് നയിച്ചു. മെഡിക്കൽകോളേജിൽനിന്ന് കീമോ കഴിഞ്ഞവർക്കും വൃക്കമാറ്റിവെച്ചവർക്കും പരിശോധനകൾക്കും മറ്റുമായി ഒട്ടേറെ തവണ യാത്രചെയ്യേണ്ടതായി വരാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മികച്ചയാത്രാസൗകര്യമില്ലാത്തതിനാൽ ഇത് അണുബാധയേൽക്കാൻ ഇടയാകുന്നു. ഇതിനൊരു പരിഹാരമാണ് കെയർഹോമിലൂടെ യാഥാർഥ്യമാകുന്നത്. ഏഴു നിലകളുള്ള കെട്ടിടത്തിൽ മൂന്ന് നിലകളാണ് ഇപ്പോൾ രോഗികൾക്കായുള്ളത്.

ഹെൽപിങ് ഹാൻഡിന്റെ കാൽ നൂറ്റാണ്ട്

പാവപ്പെട്ട രോഗികൾക്ക് സൗജന്യമരുന്ന് നൽകിക്കൊണ്ടാണ് ഹെൽപിങ് ഹാൻഡ് 25 വർഷം മുമ്പ് കാരുണ്യവഴിയിലേക്കിറങ്ങുന്നത്. ഇന്ന് ദിനംപ്രതി അഞ്ഞൂറിലധികം രോഗികൾക്ക് സഹായമാണ് 22 അംഗങ്ങൾ നേതൃത്വം നൽകുന്ന ഈ കൂട്ടായ്മ. രണ്ടായിരത്തിലധികം സന്നദ്ധ വൊളന്റിയർമാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹെൽപിങ് ഹാൻഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മെഡിക്കൽകോളേജിലും ബീച്ച് ആശുപത്രിയിലുമായി 500 രോഗികൾക്ക് എല്ലാദിവസവും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതിനായി മാസത്തിൽ രണ്ടരലക്ഷത്തോളം രൂപ ചെലവുണ്ടെന്ന് പി.ആർ.ഒ. സക്കീർ കോവൂർ പറഞ്ഞു. ശ്വാസകോശരോഗികൾക്കായി 105 ഓക്സിജൻകോൺസൺട്രേറ്ററും വിവിധരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് വീൽച്ചെയർ, ക്രച്ചസ്, വാട്ടർബെഡ് എന്നിവയും സൗജന്യമായി നൽകി. 465 വീടുകളിൽ ശൗചാലയങ്ങൾ നിർമിച്ചു നൽകി. വൃക്കരോഗം പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ‘കിഡ്നി എമർജൻസി ഇവാല്യൂഷൻ’ എന്ന പദ്ധതിയിലൂടെ ഇതുവരെ

1,25,000 ആളുകളെ ടെസ്റ്റിന് വിധേയമാക്കി. ഇതിൽ രണ്ടുശതമാനം ആളുകൾക്ക് വൃക്കരോഗമുള്ളതായി കണ്ടെത്തി. കുട്ടികൾക്കുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നതിനായി ‘സുഹൃദയ’ പദ്ധതി തുടങ്ങി. 218 കുട്ടികൾക്ക് സൗജന്യഹൃദയശസ്ത്രക്രിയ നടത്തി. വീടില്ലാത്തവർക്ക് ‘റൂഫ്’ എന്ന പദ്ധതിയിലൂടെ വീട് നിർമിച്ചുനൽകി. ആറ് ലക്ഷം രൂപ ചെലവിൽ മൂന്ന് വീടുകളാണ് പൂർത്തിയാക്കിയത്. കുതിരവട്ടം, ത്വഗ്രോഗാശുപത്രി എന്നിവയുടെ നവീകരണപ്രവൃത്തികളും ഏറ്റെടുത്തു നടത്തി. സ്പോൺസർമാരിലൂടെയും വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നുള്ള സംഭാവനകളിലൂടെയുമാണ് കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് കണ്ടെത്തുന്നത്. പ്രസിഡന്റ് കെ.വി. നിയാസ്‌, സെക്രട്ടറി എം.കെ. നൗഫൽ, സ്വാഗതസംഘം ചെയർമാൻ പി.കെ. അഹമ്മദ് എന്നിവരാണ് ഹെൽപ്പിങ് ഹാൻഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഫോൺ: 0495-2355542, 2306464

Post a Comment

0 Comments