കരിപ്പൂരിൽ ഇൻഡിഗോ വിമാനത്തിൽ തീയും പുകയും; വിമാനം അടിയന്തര ലാൻഡിങ് നടത്തി



കരിപ്പൂർ:ബെംഗളൂരുവിൽനിന്ന് കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിൽ തീയും പുകയും കണ്ടതിനെത്തുടർന്ന് കരിപ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തി. ഞായറാഴ്ച രാവിലെ 10.43-ന് 67 യാത്രക്കാരുമായി കരിപ്പൂരിൽ പറന്നിറങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് ഇൻഡിഗോയുടെ 6-ഇ. 7129 വിമാനത്തിന്റെ വലതുചിറകിന്റെ എൻജിനുള്ളിൽനിന്ന് തീയും പുകയും അസാധാരണമായ ശബ്ദവും പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൈലറ്റ് ഉടൻ കരിപ്പൂർ എയർട്രാഫിക് കൺട്രോളിൽ വിവരമറയിച്ചു. പൈലറ്റിന്റെ സന്ദേശം എ.ടി.സി. വിമാനത്താവളത്തിലെ മുഴുവൻ ഏജൻസികളെയും അറിയിച്ച് വിമാനത്തിന് അടിയന്തര ലാൻഡിങ്ങിന് സൗകര്യമൊരുക്കി.



റൺവേയിൽ പറന്നിറങ്ങിയ വിമാനം റൺവേ ഏപ്രണിലേക്ക് കയറാതെ മുന്നോട്ടുനീങ്ങി പടിഞ്ഞാറുഭാഗത്ത് കൊണ്ടുപോയി നിർത്തി. കരിപ്പൂർ അഗ്നിരക്ഷാസേനാ വിഭാഗവും സുരക്ഷാസേനയും വിമാനത്തിനടുത്ത് കുതിച്ചെത്തി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി പ്രത്യേക വാഹനത്തിൽ ടെർമിനലിൽ എത്തിച്ചു. അപകടം ഒഴിവായെന്ന് ബോധ്യമായതോടെ വിമാനം പുഷ്പാക്ക് ട്രാക്ടർ ഉപയോഗിച്ച് റൺവേ ഏപ്രണിൽ കൊണ്ടുവന്നു.ഈ വിമാനത്തിൽ ബെംഗളൂരുവിലേക്ക് പോകാനെത്തിയവരെ മറ്റു വിമാനത്തിൽ കൊണ്ടുപോയി.

Post a Comment

0 Comments