കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കാൻ 100 കോടി നൽകാൻ അനുമതിയായി. പൊതുമരാമത്ത് വകുപ്പ് നേരത്തേ ഭരണാനുമതി നൽകിയ 234.5 കോടിയിലെ ആദ്യ ഗഡുവാണിത്. തുക ഏപ്രിലിൽ കൈമാറുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്റെയും ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.
റോഡ് വികസനത്തിന് ബജറ്റിൽ തുക അനുവദിക്കാഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് എ. പ്രദീപ് കുമാർ എം.എൽ.എ. കത്ത് നൽകി. അതോടെ ബജറ്റ് ചർച്ചയിൽ ആദ്യ ഗഡു ഫെബ്രുവരിയിൽ കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ടിൽനിന്നാണ് 100 കോടി നൽകുന്നതെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ. പറഞ്ഞു.
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി 4.70178 ഹെക്ടർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 400 പേർ ഭൂമി വിട്ടുനൽകാൻ സമ്മതപത്രം നൽകിയിട്ടുണ്ട്. രേഖകൾ സമർപ്പിച്ചവർക്ക് 112 കോടിയാണ് നൽകാനുള്ളത്. അതുകൊണ്ട് ഇപ്പോൾ കൈമാറുന്ന തുക വലിയ ആശ്വാസമാവും. ഏപ്രിലിൽ തുക ലഭിക്കുന്നതോടെ റോഡ് വികസനത്തിന്റെ ഒരു പടികൂടി കടക്കും. ബാക്കിയുള്ള തുക ഒറ്റഗഡുവായി നേടിയെടുക്കാനാണ് ശ്രമമെന്ന് എം.എൽ.എ. പറഞ്ഞു. 18 വർഷമായി റോഡ് വികസനത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട്. 2006-ലാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നഗരപാത വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 14.8 കിലോ മീറ്റർ നാലുവരിപ്പാതയായി വീതികൂട്ടാൻ തീരുമാനിച്ചത്. പക്ഷേ, ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ പണമില്ലാത്തതിനാൽ പദ്ധതി ഏറെ നീണ്ടുപോവുകയായിരുന്നു. 2018 നവംബറിലാണ് 234.5 കോടിയുടെ ഭരണാനുമതിയായത്.
ഫണ്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമെല്ലാം പലപ്പോഴായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടപ്പാവാത്തതിനെത്തുടർന്ന് ഡോ.എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിൽ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി സമരരംഗത്തെത്തി. ബജറ്റിൽ അവഗണിച്ചതിനെത്തുടർന്ന് സമരം ആസൂത്രണം ചെയ്തെങ്കിലും വീണ്ടും സർക്കാരിന്റെഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം ഒഴിവാക്കിയത്.
0 Comments