- രണ്ട് ലക്ഷം രൂപയുടെ കഞ്ചാവ് എത്തിച്ചാല്‍ 5000 രൂപ
കോഴിക്കോട്: യുവാക്കള്‍ക്കു പുറമേ അന്യദേശത്ത് നിന്നും കഞ്ചാവ് കടത്താന്‍ യുവതികള്‍ സജീവം . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നും മറ്റും കഞ്ചാവ് യുവതികള്‍ കടത്തുന്നുണ്ടെന്നാണ് എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് കഞ്ചാവ് കടത്തുന്ന യുവതികളെ കണ്ടെത്താന്‍ ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഒളവണ്ണ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായത്. രണ്ടുലക്ഷം രൂപവിലവരുന്ന എട്ടു കിലോ കഞ്ചാവുമായാണ് ജംഷിലയെ എക്സൈസ് സംഘം പിടികൂടിയത്.
കഞ്ചാവ് മൊത്ത വിതരണക്കാരും സ്ഥിരം വില്‍പ്പനക്കാരുമാണ് യുവതികളെ വാഹകരായി നിയോഗിക്കുന്നത്. ഇവര്‍ക്ക് നിശ്ചിത രൂപയും യാത്രാ ചെലവും നല്‍കുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. യാത്രക്കിടെ എക്സൈസിന്റേയും പോലീസിന്റേയും പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് യുവതികളെ രംഗത്തിറിക്കിയിട്ടുള്ളത്.
നേരത്തെ പാലക്കാടും തിരുവവന്തപുരത്തും കഞ്ചാവ് കടത്തുന്നതിനിടെ യുവതികളെ എക്സൈസ് പിടികൂടിയിരുന്നു. എന്നാല്‍ കോഴിക്കോട് ആദ്യമായാണ് ഇത്തരത്തില്‍ യുവതി കഞ്ചാവ് കടത്തുന്നത് പിടികൂടുന്നതെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. അന്യദേശത്ത് നിന്നും കൊണ്ടുവരുന്ന കഞ്ചാവ് യുവതികള്‍ നേരിട്ട് വില്പന നടത്താറില്ല. സ്ഥിരം വില്പനക്കാര്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. അതിനാല്‍ നാട്ടുകാര്‍ക്കും യുവതികളുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നില്ല.
വിനോദയാത്രയ്ക്കെന്ന പേരിലും മറ്റുമാണ് ഇവര്‍ പോവുന്നത്. സംശയമുള്ള വാഹനങ്ങള്‍ എക്സൈസ് സംഘം പരിശോധന നടത്താറുണ്ടെങ്കിലും സ്ത്രീകളെ പരിശോധിക്കാറില്ല. ഇതിന്റെ മറവിലാണ് യുവതികളെ വാഹകരായി അയയ്ക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചും ഇത്തരത്തില്‍ യുവതികള്‍ കഞ്ചാവ് വാങ്ങാനായി പോവാറുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള വാഹകരെ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. എക്സൈസ് റേഞ്ചുകള്‍ക്കും ഇതുസംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിന് വാഹകരായി യുവതികളെ ഉള്‍പ്പെടുത്തുന്ന സ്വര്ണമാഫിയയ്ക്ക് പിന്നാലെ മയക്കുമരുന്ന് കടത്തിനും യുവതികളെ തേടി മാഫിയ. കഞ്ചാവ് വില്പന സംഘമാണ് അന്യദേശത്ത് നിന്നും കഞ്ചാവ് കടത്തുന്നതിനായി യുവതികളെ തേടുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ഒളവണ്ണ സ്വദേശി ജംഷില നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എട്ട് കിലോ കഞ്ചാവ് എത്തിച്ചതിന് 5000 രൂപയാണ് വെംബ്ലി സലിം എന്ന് വിളിപ്പേരുള്ള സലീം നല്‍കിയത്. ജംഷില ഒന്നരവര്‍ഷമായി കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ആറുതവണയോളം മധുരയില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു. എത്രകിലോ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായിട്ടില്ല
0 Comments