വയനാട്‌ തുരങ്കപാത: കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു. എം.എൽ.എ സമീപം

കോഴിക്കോട്:നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി റോഡിന്റെ ഭാഗമായ തുരങ്കപാത നിർമിക്കുന്ന സ്വർഗംകുന്ന്‌ മേഖലയിൽ കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കാനും നിർമാണത്തിനുമുള്ള ചുമതല കഴിഞ്ഞമാസം കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ഏൽപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സന്ദർശനം. ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം. ആർ. മോഹനൻ, സുപ്രണ്ടിങ് എൻജിനീയർ എം. മുരളീധരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.മറിപ്പഴയിൽനിന്ന് നടന്നും ചരക്ക് വാഹനത്തിൽ കയറിയുമാണ് സംഘം സ്വർഗം കുന്നിലെത്തിയത്. നാല് മാസത്തിനകം സർവേ പൂർത്തിയാക്കുമെന്ന് ഇവർ പറഞ്ഞു. നിർമാണം പൂർത്തിയാക്കാൻ മൂന്നുവർഷം വേണ്ടിവരും. പദ്ധതിയുടെ ചെലവ് സംബന്ധിച്ച് സർവേക്ക് ശേഷമേ പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ടൂറിസത്തിനുകൂടി പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും നിർമാണം. പിന്നീട് സംഘാംഗങ്ങൾ താമരശ്ശേരി ചുരംവഴി കള്ളാടിഭാഗത്തും സന്ദർശനം നടത്തി.

സ്പെഷ്യൽ പർപസ്‌ വെഹിക്കിൾ(എസ്‌.പി.വി.) അടിസ്ഥാനത്തിലാണ്‌ കൊങ്കൺ റെയിൽവേ പദ്ധതി ഏറ്റെടുക്കുക. പ്രവൃത്തി പൂർത്തിയായശേഷം പണം കൈമാറുന്ന രീതിയാണിത്‌. കിഫ്‌ബി മുഖേന ഫണ്ട്‌ അനുവദിക്കും. 6.5 കിലോമീറ്റർ രണ്ടുവരി തുരങ്കം, തുരങ്കത്തെ ബന്ധിപ്പിക്കുന്ന രണ്ടുവരിപ്പാത, മറിപ്പുഴ കുണ്ടൻതോടിൽ ഇരുവഞ്ഞിപ്പുഴയ്ക്ക്‌ കുറുകെ 70 മീറ്റർ നീളത്തിൽ പാലം എന്നിവ അടങ്ങിയതാണ്‌ പദ്ധതി. തുരങ്കത്തിനകത്ത്‌ വെളിച്ചവും വായുവും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, നടപ്പാത തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്‌. റോഡ്‌ യാഥാർഥ്യമായാൽ ആനക്കാംപൊയിലിൽനിന്ന്‌ 16 കിലോമീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താനാകും.

Post a Comment

0 Comments