കോഴിക്കോട്: ശാസ്ത്രവിഷയങ്ങളിലെ ഗവേഷണത്തിന് വേണ്ടിയുള്ള സിഎസ്ഐ ആര്യുജിസി നെറ്റിന് മലബാര്‍ മേഖലയില്‍ പരീക്ഷാ കേന്ദ്രമില്ലാത്തത് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. പരീക്ഷ എഴുതാന്‍ മലബാര്‍ മേഖലയില്‍ സെന്റര്‍ അനുവദിക്കാത്തതിനാല്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും എത്തിപ്പെടേണ്ട അവസ്ഥയിലാണിവര്‍.
ഇന്ത്യയൊട്ടാകെ എട്ട് ലക്ഷത്തോളം പേര് എഴുതുന്ന പ്രവേശന പരീക്ഷയില്‍ 10 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ പകുതി മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരും. അഖിലേന്ത്യാ തലത്തിലുള്ള നിരവധി പ്രവേശന പരീക്ഷകള്‍ക്കും മറ്റും മലബാര്‍ മേഖലയില്‍ സെന്റകള്‍ അനുവദിക്കുമ്പോഴും സിഎസ്ഐആര്‍ പരീക്ഷയ്ക്ക് ഒരു കേന്ദ്രം പോലും അനുവദിക്കാത്തതിന് പിന്നിലെന്താണന്ന് ഇവര്‍ ചോദിക്കുന്നു.
സിഎസ്ഐആര്‍ നെറ്റ് പരീക്ഷയ്ക്ക് മലബാര്‍ മേഖലയില്‍ സെന്റര്‍ അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെയും പരിഹാരമായിട്ടില്ലെന്ന് മാത്രം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി പേരാണ് ജൂണ്‍ 16-ന് നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്.
അപേക്ഷകരില്‍ കൂടുതലും പെണ്കുട്ടികളായതിനാല് രക്ഷിതാക്കളുള്‍പ്പടെ തലേദിവസം തന്നെ പോകേണ്ട അവസ്ഥയാണുള്ളത്. തലേദിവസമെത്തുന്നതിനാല് താമസ സൗകര്യവും കാണേണ്ടി വരും. അടുത്തുള്ള ഏതെങ്കിലും ജില്ലകളിലാണെങ്കില്‍ പരീക്ഷയുടെ ദിവസം മാത്രം പുറപ്പെട്ടാല്‍ മതിയാകുമായിരുന്നു.
മലബാറിലെ ആറു ജില്ലകളിലെ പരീക്ഷാര്‍ഥികള്‍ക്ക് ഉപകരിക്കും വിധം ഒരു പരീക്ഷാ കേന്ദ്രം അനുവദിച്ചാല്‍ നിരവധി പേര്‍ക്ക് അത് ആശ്വാസമാകും. മലബാര്‍ മേഖലയില്‍ സെന്റര്‍ അനുവദിക്കുക എന്ന ആവശ്യവുമായി വിദ്യാര്‍ഥി സംഘടനകള്‍ കാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
0 Comments