ഒന്നാമതാണ് കോഴിക്കോട്:ഹയർ സെക്കൻഡറി പരീക്ഷയിൽ 87.44% വിജയത്തോടെ സംസ്ഥാനത്ത് ഒന്നാമത്കോഴിക്കോട്∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയുടെ അഭിമാനമുയർത്തി വിദ്യാർഥികൾ.   സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച പ്രകടനവുമായി 87.44% വിജയത്തോടെ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 86.57% വിജയവുമായി രണ്ടാം സ്ഥാനത്തായിരുന്നു.179 സ്കൂളുകളിൽ നിന്നായി 36,856 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 32,228 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 5 സ്കൂളുകൾ 100% വിജയം സ്വന്തമാക്കി.  വിജയശതമാനം മുപ്പതിൽ താഴെയുളള സംസ്ഥാനത്തെ 27 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നുള്ളത് ഒരു സ്കൂൾ മാത്രം. കഴിഞ്ഞ വർഷം ജില്ലയിലെ 3 സ്കൂളുകൾ ഈ പട്ടികയിലുണ്ടായിരുന്നു.

വിവിധ വർഷങ്ങളിൽ ജില്ലയുടെ പ്രകടനം  • 2017–സംസ്ഥാനത്ത് 3–ാം സ്ഥാനം 86.02 %
  • 2018-സംസ്ഥാനത്ത് 2–ാം സ്ഥാനം 86.57%
  • 2019-സംസ്ഥാനത്ത് ഒന്നാം സ്ഥാനം 87.44 %

ഫുൾ A+ എണ്ണം കുറഞ്ഞു


ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ കുറഞ്ഞു. 1480 പേരാണ് ഇക്കുറി സമ്പൂർണ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 1549 പേർ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2017ൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 1192 ആയിരുന്നു.100% നേട്ടവുമായി 5 സ്കൂളുകൾ 


ജില്ലയിലെ 5 സ്കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി. 100% വിജയം നേടിയ സ്കൂളുകൾ (പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണം ബ്രാക്കറ്റിൽ)– കാലിക്കറ്റ് സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡ് കുളത്തറ (52), സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട് (100), സെന്റ് മേരീസ് എച്ച്എസ്എസ് കൂടത്തായ് (176), സിഎംഎച്ച്എസ്എസ് മണ്ണൂർ നോർത്ത് (177), കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ എരഞ്ഞിപ്പാലം (18)

വിഎച്ച്എസ്ഇയിലും മികവ് കാട്ടി 


വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷയിൽ പാർട്ട് ഒന്ന്,രണ്ട്,മൂന്ന് വിഭാഗങ്ങളിലായി 83.85 ശതമാനവും പാർട്ട് ഒന്ന്, രണ്ട് വിഭാഗത്തിൽ 91.38 ശതമാനവുമാണു വിജയം. ഗവ.വിഎച്ച്എസ്എസ് പയ്യോളി, കാലിക്കറ്റ് ഗേൾസ് സ്കൂൾ, ഗവ.വിഎച്ച്എസ്എസ് പയ്യാനക്കൽ എന്നീ സ്കൂളുകൾ പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിൽ 100% വിജയം നേടി. ഗവ: വിഎച്ച്എസ്എസ് നടക്കാവ് പാർട്ട് ഒന്ന്, രണ്ട് വിഭാഗത്തിൽ 100% വിജയം നേടി. ജില്ലയിലെ 7 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

ഒരു മാർക്കു പോലും 1200/1200 ചോരാതെ 16 മിടുക്കൻമാർ


ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കി ജില്ലയിലെ 16 മിടുക്കർ. അഭിനവ് കൃഷ്ണൻ, പി.ആർ.അനുവിന്ദ് (ഗവ.എച്ച്എസ്എസ്, കോക്കല്ലൂർ), ജി.എസ്.വിവേക്, ടി.എം.വിഷ്ണുപ്രസാദ് (ഗവ.മാപ്പിള എച്ച്എസ്എസ്, കൊയിലാണ്ടി), ആർ.വി.എം.അപർണ (ഗവ.വിഎച്ച്എസ്എസ്, നടക്കാവ്), നേഹ നസ്റീൻ (ഗവ.ജിഎച്ച്എസ്എസ് ബാലുശ്ശേരി), മാളവിക സബീഷ് (സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്, കോഴിക്കോട്), എം.നിരഞ്ജന (സാവിയോ എച്ച്എസ്എസ്, ദേവഗിരി കോഴിക്കോട്), ജെ.എസ്.നിദ (മേമുണ്ട എച്ച്എസ്എസ്, വില്യാപ്പള്ളി), ആർ.ഗോപിക, ടി.ഹരിത, പി.പുണ്യ (പ്രോവിഡൻസ് എച്ച്എസ്എസ്, കോഴിക്കോട്), കെ.ഗായത്രി (ഗവ.ഫിഷറീസ് എച്ച്എസ്എസ് മടപ്പള്ളി), അതുല്യ കെ.നായർ ( സെന്റ് മേരീസ് എച്ച്എസ്എസ്, കൂടത്തായ്), അപർണ റോയ്, നിയ റോസ് രാജു (സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പുല്ലൂരാംപാറ) എന്നിവരാണു മുഴുവൻ മാർക്കും സ്വന്തമാക്കി ജില്ലയുടെ അഭിമാനമായത്.

ടെക്നിക്കൽ സ്കൂളിൽ കുറഞ്ഞു;ഓപ്പൺ സ്കൂളിൽ കൂടി 


ടെക്നിക്കൽ സ്കൂൾ പരീക്ഷയിൽ 71.43% ആണു വിജയം. കഴിഞ്ഞ വർഷം 81.82% ആയിരുന്നു. 42 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 30 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.

ഓപ്പൺ സ്കൂളിൽ 42.63% ആണു വിജയം. കഴിഞ്ഞ വർഷം 36.17% ആയിരുന്നു. 8096 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 3541 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 46 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

Post a Comment

0 Comments