കോഴിക്കോട്: ഓണ്‍ലൈൻ ടാക്സി സേവനത്തിന് പിന്നാലെ ഇനി ഓട്ടോറിക്ഷകളും വിരൽത്തുന്പിൽ ലഭ്യമാകും. ഓണ്‍ലൈൻ ആയി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന കോൾ ഓട്ടോ എന്ന അപ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ലഭ്യമാവുന്നു എന്നതാണ് അപ്ലിക്കേഷന്‍റെ പ്രത്യേകത.
യാത്രക്കാരന് കോൾ ഓട്ടോ എന്ന മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ ഏറ്റവും അടുത്തുള്ള ഓട്ടോയെ പെട്ടെന്ന് ബുക്ക് ചെയ്യാനാകും. യാത്ര പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ കൂലിയും ദൂരവും നേരത്തെ തന്നെ മനസിലാക്കാം.
നിലവിലുള്ള ഔദ്യോഗിക നിരക്ക് തന്നെയാണ് ഈടാക്കുക. ബുക്ക് ചെയ്താൽ ആ ഓട്ടോയുടെ എല്ലാ വിവരങ്ങളും യാത്രക്കാരന് കിട്ടും. ഓട്ടോ ഡ്രൈവർ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവർമാർക്ക് യാത്രക്കാരെയും കണ്ടെത്താം. ചലച്ചിത്ര നടൻമാരായ ടൊവിനോ തോമസ്, വിനോദ് കോവൂർ എന്നിവർ ചേർന്ന് ആപ്ലിക്കേഷൻ പുറത്തിറക്കി.
തൊഴിലാളി യൂണിയനുകളെ സഹകരിപ്പിച്ചാണ് പ്രവർത്തനം. 15 ദിവസത്തിനകം സംവിധാനം പൂർണരൂപത്തിൽ പൊതു ജനങ്ങൾക്ക് ലഭ്യമാവും. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ആപ്പിൽ എമർജൻസി ബട്ടൻ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ പൊലീസിലും ബന്ധപ്പെട്ട പത്ത് നമ്പറുകളിലേക്കും അലേർട്ട് സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ് എമർജൻസി ബട്ടണ്‍.
ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനായി സന്ദർശിക്കൂ..
Call Auto: https://play.google.com/store/apps/details?id=com.auto.rider
Auto Driver: https://play.google.com/store/apps/details?id=com.auto.driver
0 Comments