ഒറ്റമഴയില്‍ വെള്ളമുയര്‍ന്ന് കോഴിക്കോട് നഗരം

Mavoor Road

കോഴിക്കോട്: ഒറ്റ ദിവസത്തെ മഴകൊണ്ട് കോഴിക്കോട് മാവൂർ റോഡും പരിസരവും പതിവ് തെറ്റിക്കാതെ ഇത്തവണയും വെള്ളത്തിലായതോടെ നഗരത്തിലെ ഡ്രൈനേജ് സംവിധാനം വീണ്ടും ചർച്ചയാവുകയാണ്. ഓരോ മഴക്കാലത്തും റോഡുകൾ വെട്ടിപ്പൊളിച്ചും കലുങ്കുകൾ പുനർനിർമിച്ചും കോർപറേഷൻ കരാറുകാർ പേരിന് ചില പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താറുണ്ടെങ്കിലും വെള്ളപ്പൊക്കത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. രാവിലെ ഒന്നര മണിക്കൂറോളം തുടർച്ചയായി പെയ്ത മഴ നഗരത്തെ പൂർണമായും വെള്ളത്തിനടിയിലാക്കി.



രാജാജി റോഡ്, മാവൂർ റോഡ് ജംഗ്ഷൻ, എന്നിവിടങ്ങളിലെല്ലാം സ്ഥിരം വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലമായിരുന്നുവെങ്കിലും ഇത്തവണ മൊഫ്യൂസൽ ബസ്റ്റാന്റിനെ ഒറ്റപ്പെടുത്തിയായിരുന്നു വെള്ളപ്പൊക്കം. പല കെട്ടിടങ്ങളുടെയും പാർക്കിംഗ് പ്രദേശം വെള്ളത്തിൽ മുങ്ങിപ്പോയി. ഒപ്പം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം പോലും മാവൂർറോഡിലെ ഓടകളിലേക്ക് ഒഴുകി വന്ന് മഴവെള്ളത്തിനൊപ്പം കലർന്നു. പാവമണി റോഡ്, സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് നഗരത്തിന്റെ തീരാശാപമാണ്. പലയിടങ്ങളിലും കടകൾക്കുള്ളിലേക്ക് വെള്ളം കയറിയതോടെ മണിക്കൂറുകളോളം കട പൂട്ടിയിടേണ്ടിയും വന്നു.

സെൻട്രൽ മാർക്കറ്റും വലിയങ്ങാടിയുമടങ്ങുന്ന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിൽ പെട്ടു. പലയിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നത് പലകുറി അറിയിച്ചിട്ടും കോർപറേഷൻ അധികൃതർ തിരിഞ്ഞ് നോക്കാത്തതാണ് പ്രശ്നം ഇത്രത്തോളം വഷളാവാൻ കാരണമെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു. ചീഞ്ഞ മീനിന്റെയും ഇറച്ചിയുടേയുമെല്ലാം അവശിഷിടങ്ങളാണ് മഴവെള്ളത്തിനൊപ്പം റോഡിലേക്ക് ഒഴുകി വന്നത്. ഇത് വലിയ ആരോഗ്യ ഭീഷണിയുമാണുണ്ടാക്കുന്നത്.


മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത് കൊണ്ടാണ് ഓരോ മഴക്കാലത്തും മഴവെള്ളം ഓടയിലൂടെ ഒഴുകാതെ റോഡിലേക്ക് ഒഴുകുന്നത്. നഗരം വെള്ളക്കെട്ടിലായതോടെ വലിയ ഗതാഗത സ്തംഭനത്തിനത്തിനുമാണ് വെള്ളിയാഴ്ച നഗരം സാക്ഷിയാകേണ്ടി വന്നത്.

Post a Comment

0 Comments