കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനില്‍ സ്വകാര്യബസുകള്‍ നിയമംലംഘിക്കുന്നത് പതിവാകുന്നു. തിരക്കേറിയ ജംഗ്ഷനില്‍ അപകടകരമാം വിധത്തില്‍ ബസുകളില്‍ നിന്ന് യാത്രക്കാരെ നടുറോഡിലിറക്കുകയും സിഗ്നല്‍ പരസ്യമായി ലംഘിച്ചുമാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. ബസ് സ്റ്റോപ്പുകളിലല്ലാതെ യാത്രക്കാരെ ഇറക്കുന്നത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് നടപടി സ്വീകരിക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇത്തരം നടപടികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ബാലുശേരി, നന്മണ്ട,കക്കയം, കൂരാച്ചുണ്ട്, നരിക്കുനി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ സിഗ്നല്‍ ചുവപ്പായാല്‍ നടുറോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്.
പലപ്പോഴും യാത്രക്കാര്‍ മറ്റു വാഹനങ്ങള്‍ക്കു മുന്നിലേക്കാണ് ഇറങ്ങുന്നത്. ഇത് അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് ഇറങ്ങുവാന്‍ വേണ്ടി ബസിന്റെ വാതില്‍ തുറക്കുമ്ബോഴും അപകടം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനയാത്രക്കാരന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നടുറോഡില്‍ ഇറങ്ങുന്ന യാത്രക്കാര്‍ ഫുട്പാത്തില്‍ കയറാതെ റോഡിലൂടെ തന്നെ നടക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. ജംഗ്ഷനായതിനാല്‍ റോഡില്‍ നിന്ന് ഫുട്പാത്തിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കിയിട്ടില്ല. അപകട സാധ്യത മുന്‍നിര്‍ത്തിയാണ് ഫുട്പാത്തിലെ കൈവരി സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം അപകട സാധ്യതകളൊന്നും തന്നെ ബസ് ജീവനക്കാരും നടുറോഡിലിറങ്ങുന്ന യാത്രക്കാരും ശ്രദ്ധിക്കുന്നില്ല.
എരഞ്ഞിപ്പാലത്ത് പതിവായി ഒരു ട്രാഫിക് പോലീസും ഹോംഗാര്ഡുമാണുണ്ടാവാറുള്ളത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലും ഇപ്രകാരം ജംഗ്ഷനില്‍ ആളെ ഇറക്കുന്നത് അനുവദിക്കരുതെന്നാണ് നാട്ടുകാരും മറ്റുള്ള വാഹനയാത്രികരും പറയുന്നത്. എരഞ്ഞിപ്പാലത്തിന് പുറമേ ക്രിസ്ത്യന്‍കോളജ് ജംഗ്ഷന് , പാളയം ജംഗ്ഷന് , മാവൂര്‍ റോഡ് ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം സിഗ്നലില്‍ നടുറോഡിലാണ് ആളെ ഇറക്കുന്നത്
0 Comments