പോലീസ് ജീപ്പ് സ്വകാര്യ ബസിന് വഴികൊടുത്തില്ല; ഡിവൈ.എസ്.പിയോട് തട്ടിക്കയറിയ ജീവനക്കാർക്കെതിരെ കേസ്കൊയിലാണ്ടി:സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിന് തടസ്സംനിന്ന ഡിവൈ.എസ്.പി.യോട് അപമര്യാദയായി പെരുമാറിയ സ്വകാര്യബസ് ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഗാലക്സി ബസ് ഡ്രൈവർ മാഹി പുന്നോളി സജീർ മൻസിൽ സഹീർ (34), കണ്ടക്ടർ കോഴിക്കോട് വെള്ളിപറമ്പ് പൂവൻ പറമ്പത്ത് അബൂബക്കർ (40) എന്നിവർക്കെതിരേയാണ് താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുൾ റസാക്കിന്റെ പരാതിപ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തത്.ബുധനാഴ്ച രാവിലെ ചേമഞ്ചേരിയിലാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുൾ റസാക്ക് വടകരയിലേക്ക് പോവുകയായിരുന്നു. തിരുവങ്ങൂരിലെത്തിയപ്പോൾ മുതൽ പിന്നിൽ അതിവേഗത്തിൽ വന്ന സ്വകാര്യ ബസ് തുടർച്ചയായി ഹോണടിച്ചും ഡോറിലടിച്ചും പോലീസ് ജീപ്പിനെ മറികടക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

എന്നാൽ എതിർ ഭാഗത്തുനിന്ന് വാഹനങ്ങൾ നിരനിരയായി വരുന്നതിനാൽ ബസിനു വഴികൊടുക്കാൻ ആയില്ലെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. എന്നിട്ടും ബസ് ഹോണടിച്ചു കൊണ്ടേയിരുന്നു. ഹോണടി ശല്യം അതിരുവിട്ടപ്പോൾ ചെങ്ങോട്ടുകാവ് ടൗണിൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം പോലീസ് വാഹനം റോഡിന് മധ്യത്തിൽ നിർത്തി ബസ് തടഞ്ഞിട്ടു. ഇതിൽ പ്രകോപിതരായ ബസ് ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് ഇറങ്ങിവന്നു ഡിവൈ.എസ്.പിയോട് തട്ടിക്കയറി. ഡിവൈ.എസ്.പി. മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു ഇവർ തട്ടിക്കയറിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ ബസുകാർക്കെതിരേ തിരിഞ്ഞു. അപ്പോഴേക്കും ഡിവൈ.എസ്.പി. വിവരം കൈമാറിയതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് ഹൈവേ പോലീസ് എത്തി ബസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്കെതിരേ കേസെടുക്കുകയും ചെയ്തു. ഡിവൈ.എസ്.പിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.പോലീസ് വാഹനമാണെന്ന് അറിഞ്ഞിട്ടും ഈ രീതിയിലാണ് ചില സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റമെങ്കിൽ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരോടുള്ള സമീപനം ഇതിനെക്കാൾ ഭീകരമായിരിക്കുമെന്ന് പോലീസുകാർതന്നെ പറയുന്നു.

Post a Comment

0 Comments