വടക്കോട്ടുള്ള ട്രെയിൻ യാത്രയ്ക്ക് നാലു മണിക്കൂറിനിടെ ഒരൊറ്റ ട്രെയിൻ; തിരക്കിൽ പൊറുതിമുട്ടി ജനങ്ങൾ



കോഴിക്കോട് :വടക്കോട്ടുള്ള യാത്രയ്ക്ക് കോഴിക്കോടുവഴി നാലുമണിക്കൂറിനിടെ ഒരൊറ്റ തീവണ്ടി. റെയിൽവേ സ്‌റ്റേഷനിലും ട്രെയിനിലും സൂചികുത്താനിടമില്ലാത്ത തിരക്ക്. യാത്രക്കാർക്ക് നരകയാതന. പരപ്പനങ്ങാടിക്കും തിരൂരിനും മദ്ധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂന്നുമണിക്കൂർ ദിവസേന ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കുന്നതാണ് പ്രശ്‌നത്തിനു കാരണം.



നവംബർ ഒന്നിന് ആരംഭിച്ച ട്രാക്ക് നവീകരണം ഒന്നരമാസം നീളും. യാത്രക്കാരുടെ ഈ ദുരിതവും അക്കാലമത്രയും തുടരും. 1.15- ന് കോയമ്പത്തൂർ മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ പോയാൽ പിന്നീട് പരശുറാം എക്‌സ്‌പ്രസാണ് വടക്കോട്ടുള്ള യാത്രക്കാരുടെ ആശ്രയം. 3.55- നാണ് ഈ ട്രെയിൻ കോഴിക്കോടെത്തേണ്ടത്. ഇപ്പോൾ അഞ്ചുമണിക്കും അഞ്ചരയ്ക്കും മദ്ധ്യേയാണ് വരുന്നത്. ബുധനാഴ്ച 5.15 -നാണ് ട്രെയിൻ കോഴിക്കോട് എത്തിയത്. സാധാരണയാത്രക്കാരുടെയും ഓഫീസ് സമയം കഴിഞ്ഞെത്തുന്നവരുടെയും വിദ്യാർഥികളുടെയും മറ്റും വൻതിരക്കാണ് അനുഭവപ്പെട്ടത്.

മൂന്നാം പ്ലാറ്റ്‌ഫോമിലെത്തിയ ട്രെയിനിൽ കയറാൻ പാതയുടെ ഇരുവശത്തും വലിയ തിരക്കനുഭവപ്പെട്ടു. ഇതിനിടെ യാത്രക്കാർ തമ്മിൽ ഉണ്ടായ കൈയ്യാങ്കളി സംഘർഷത്തിലുമെത്തി. ബുധനാഴ്ച 4.25 ന് എഗ്മൂർ - മംഗലാപുരം ലിങ്ക് എക്‌സ് പ്രസ്സ് ഉണ്ടായിരുന്നെങ്കിലും തിരക്കിനു കുറവുണ്ടായില്ല. മറ്റു ദിവസങ്ങളിൽ തിരക്ക് ഇതിനെക്കാൾ അധികമാണെന്ന് യാത്രക്കാരും റെയിൽവേ അധികൃതരും പറഞ്ഞു.



ട്രാക്ക് നവീകരണവും മെറ്റൽനിറയ്ക്കലും മറ്റുമുള്ളതിനാൽ പണി തീരാതെ ഇതിന് മാറ്റമുണ്ടാവില്ല. റെയിൽവേ നേരിട്ടല്ല , ഈ ജോലികൾ ചെയ്യുന്നത്. കരാർജോലികൾ നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും 12.45 മുതൽ മൂന്നു മണിക്കൂർ ട്രാക്കിൽ ട്രെയിൻ ഓടാതെ സൗകര്യം ചെയ്തു കൊടുക്കണമെന്നാണ് റെയിൽവേയും പണിക്കാരുമായുള്ള കരാർ. ഇതിനു വിരുദ്ധമായി റെയിൽവേയ്ക്കും പ്രവർത്തിക്കാനാവില്ല. തിരുവനന്തപുരം - മംഗലാപുരം പരശുറാം ഇതിനാൽ ഒരു മണിക്കൂർ ദിവസവും പിടിച്ചിടും.

കോഴിക്കോട്ടുനിന്ന് രണ്ടുമണിക്ക് കണ്ണൂർ ലോക്കൽ വണ്ടിയുണ്ട്. എന്നാൽ ദീർഘദൂരയാത്രക്കാർക്ക് ഇതിനെ ആശ്രയിക്കാനാവില്ല. തിങ്ങിനിറഞ്ഞ് വരുന്ന പരശുറാമാണ് ഏകാശ്രയം. തിരക്കിൽപ്പെട്ട് വൃദ്ധരും സ്ത്രീകളും കുട്ടികളുമൊക്കെ സ്റ്റേഷനിൽ വല്ലാതെ വിഷമിക്കുന്ന കാഴ്ചയുണ്ട്

പരിഹാരം എളുപ്പമല്ല

പാതനവീകരണം ഒഴിവാക്കാനാവാത്തതിനാൽ പ്രശ്‌നപരിഹാരം എളുപ്പമല്ല. കോഴിക്കോടിനു വടക്കോട്ടുള്ള പണികൾ തീർന്നുകഴിഞ്ഞു. തെക്കോട്ടുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പ്രതിവാര തീവണ്ടികൾ ഉള്ള ദിവസങ്ങളിൽ പ്രധാന സ്റ്റോപ്പുകളിലേക്കുള്ളവർ അതിൽ യാത്ര ചെയ്യുകയെന്നതാണ് ഏക പോംവഴി. -എ.എം. മാത്തച്ചൻ , സ്‌റ്റേഷൻ മാനേജർ , കോഴിക്കോട്

Post a Comment

0 Comments