വലയ സൂര്യഗ്രഹണം: നാല് ജില്ലകളിൽ പ്ലാനറ്റേറിയം നിരീക്ഷണ സൗകര്യമൊരുക്കുംകോഴിക്കോട്:ആകാശത്തിലെ അദ്ഭുതക്കാഴ്ചയായ വലയസൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാൻ പ്ലാനറ്റേറിയം ഒരുങ്ങിക്കഴിഞ്ഞതായി ഡയറക്ടർ മനേഷ് ബാഗ്ചി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രഹണനിരീക്ഷണത്തിന് ആളുകളെ സജ്ജരാക്കാനുള്ള ശില്പശാലകൾ വിവിധ ജില്ലകളിൽ പ്ലാനറ്റേറിയത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്നുവരുകയാണ്.

[ads id="ads1"]
ഗ്രഹണദിവസമായ 26-ന് പ്ലാനറ്റേറിയം ആറ് കേന്ദ്രങ്ങളിലാണ് പൊതുജനങ്ങൾക്കായി നിരീക്ഷണപരിപാടികൾ സംഘടിപ്പിക്കുക. വയനാട് ജില്ലയിൽ കല്പറ്റയിലെ എസ്.കെ.എം.ജെ. ഹൈസ്കൂൾ, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട്, ചീങ്ങേനിമല എന്നിവിടങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ കൊളക്കാട് സാൻതോം ഹൈസ്കൂൾ ഗ്രൗണ്ടിലും കാസർകോട് നീലേശ്വരത്തിനടുത്ത് തൈക്കടപ്പുറം ബീച്ചിലും നിരീക്ഷണപരിപാടി സംഘടിപ്പിക്കും.

എല്ലാ കേന്ദ്രങ്ങളിലും ജനപങ്കാളിത്തം പ്രതീക്ഷിച്ചുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഗ്രഹണത്തെ സംബന്ധിക്കുന്ന എക്സിബിഷൻ, ബിഗ് സ്ക്രീൻ പ്രൊജക്ഷൻ, വിവിധ ഉപകരണങ്ങൾ, പിൻഹോൾ ക്യാമറകൾ, കണ്ണടകൾ തുടങ്ങിയവയെല്ലാം നിരീക്ഷണസ്ഥലത്ത് ലഭ്യമാക്കും. കോഴിക്കോട് പ്ലാനറ്റേറിയത്തിലും വിപുലമായ നിരീക്ഷണ സജ്ജീകരണങ്ങൾ ഉണ്ടാവും. വലയസൂര്യഗ്രഹണം ഇന്ത്യ മുഴുവനും ഭാഗികമായി കാണാനാകും. കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകൾ മുഴുവനായും കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിലും വലയഗ്രഹണം കാണാൻ കഴിയും. മറ്റ് ജില്ലകളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും.

[ads id="ads2"]

130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലൂടെയാണ് മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആ രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും സൂര്യവളയം മുഴുവൻ വളരെ കൃത്യതയുള്ളതായിരിക്കും.

മധ്യരേഖയിൽനിന്ന് ഇരുവശങ്ങളിലേക്ക് മാറുന്തോറും ഗ്രഹണം കാണുന്നയാൾക്ക് വളയത്തിന്റെ എതിർവശം വണ്ണം കുറഞ്ഞതായി അനുഭവപ്പെടും. വലയ ഗ്രഹണപാതയുടെ അതിർത്തിക്ക് പുറത്തുള്ളവർക്ക് ഭാഗിക ഗ്രഹണവും ദൃശ്യമാകും. രാവിലെ 9 മണി 24 മിനിറ്റു മുതൽ അല്പസമയത്തേക്കായിരിക്കും (പരമാവധി 3 മിനിറ്റ് 13 സെക്കൻഡ്) സൂര്യമധ്യത്തിൽ അദ്ഭുതകരമായ ആ കാഴ്ച ദൃശ്യമാകുക.

highlights: Kozhikode solar eclipse

Post a Comment

0 Comments