കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് ആർ.പി.എഫിന്റെ സുരക്ഷ


കോഴിക്കോട്: കോഴിക്കോട് റെയിൽവേസ്റ്റേഷന് വിമാനത്താവള മാതൃകയിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ (ആർ.പി.എഫ്.) സുരക്ഷാസംവിധാനം വരുന്നു. രാജ്യവ്യാപകമായി 150 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

കേരളത്തിൽ എറണാകുളം ജങ്‌ഷനും കോഴിക്കോടുമാണ് പ്രത്യേക സുരക്ഷയൊരുക്കുന്നത്. ഇവയ്ക്കൊപ്പം തന്നെ മംഗലാപുരം റെയിൽവേ സ്റ്റേഷനിലും സമാനമാതൃകയിൽ പദ്ധതി നടപ്പാക്കും. ആർ.പി.എഫ്. ഡയറക്ടർ ജനറൽ അരുൺകുമാർ കേന്ദ്ര ആഭ്യന്തരവകുപ്പിനും റെയിൽവേക്കും നൽകിയ സ്റ്റേഷൻ സെക്യൂരിറ്റി പ്ലാൻ (എസ്.എസ്.പി.) ആണ് നടപ്പാക്കുന്നത്.

[ads id="ads1"]

ആദ്യഘട്ടത്തിൽ ചുറ്റുമതിൽ കെട്ടും. പുറത്തേക്കും അകത്തേക്കുമുള്ള കവാടങ്ങൾ രണ്ടെണ്ണമായി ചുരുക്കും. യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങൾ സ്കാനർപരിശോധനയ്ക്ക് വിധേയമാക്കും. വിവിധ ഭാഗങ്ങളിലായി മൊത്തം 75 ക്യാമറകൾ സ്ഥാപിക്കും. സുരക്ഷാ നിരീക്ഷണത്തിനായി ആർ.പി.എഫ്. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിൽ റെയിൽവേ സ്റ്റേഷനും പരിസരപ്രദേശങ്ങളും വീഡിയോരൂപത്തിൽ കാണാനുള്ള സംവിധാനം ഒരുക്കും. നിലവിൽ ഭാഗികമായി ഇത് നടപ്പാക്കിയിട്ടുമുണ്ട്.

[ads id="ads2"]
ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ഒരുക്കങ്ങളുമുണ്ടാകും. ആർ.പി.എഫിന്റെ കോഴിക്കോട്ടെ ഇൻസ്പെക്ടർ ഓഫീസ് പദവി ഉയർത്തി ഡിവൈ.എസ്.പി. റാങ്കിലേക്ക് മാറ്റും. ഇതോടെ അധികാരപരിധി പാലക്കാട് മുതൽ മംഗലാപുരംവരെയാകും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് യന്ത്രത്തോക്കുമായി നിൽക്കാനുള്ള ബുള്ളറ്റ് പ്രൂഫ് മോർച്ച, നിരീക്ഷണ ഗോപുരം, ബയോമെട്രിക് കവാടം, കമ്പിവേലികൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയൊരുക്കും. നിലവിലുള്ള പാർസൽ ഓഫീസ് മാറ്റും. നിലവിലെ പ്രധാനകവാടത്തിന് മുന്നിലൂടെയുള്ള റോഡിൽ വാഹനം നിരോധിക്കും. ആനിഹാൾ റോഡ് മുതൽ റെയിൽവേ ക്വാർട്ടേഴ്‌സ് പൊളിച്ച് നീക്കുന്ന സ്ഥലത്തുകൂടി പുതിയ റോഡ് നിർമിക്കും. ജയപ്രകാശ് നാരായണൻ റോഡിലൂടെ സുകൃതീന്ദ്ര കലാമന്ദിറിനരികിലൂടെ പാളയം ചെമ്പോട്ടിത്തെരുവിലേക്ക് നീളുന്ന വിധത്തിലായിരിക്കും റോഡ്.

മറ്റ് സൗകര്യങ്ങൾ

വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേക വിശ്രമകേന്ദ്രങ്ങൾ, ഭക്ഷണകേന്ദ്രം, ആർ.പി.എഫ്. വിശ്രമകേന്ദ്രം, പോർട്ടർമാരുടെ വിശ്രമകേന്ദ്രം, ഇരുചക്രവാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കുമുള്ള പാർക്കിങ്‌, എ.ടി.എം. കൗണ്ടർ, ഓട്ടോറിക്ഷാബേ, എമർജൻസി ഗേറ്റ്

Post a Comment

0 Comments