ജില്ലയില്‍ നാല് കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടി; നിയന്ത്രണങ്ങള്‍ ശക്തമാക്കും


കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 56-ാം വാർഡിൽ പെട്ട ചക്കുംകടവ്, 62-ാം വാർഡിൽ പെട്ട മൂന്നാലിങ്കൽ, 66-ാം വാർഡിൽപ്പെട്ട വെള്ളയിൽ എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ സാംബശിവ പ്രഖ്യാപിച്ചു.



ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ് സ്വദേശിയായ ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവിടം കണ്ടെയിൻമെന്റ് സോൺ ആയത്. 27-ാം തീയതി വെള്ളയിൽ കുന്നമ്മലിൽ തൂങ്ങിമരിച്ച വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കോർപ്പറേഷൻ പരിധിയിലെ 56, 62, 66 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടത്.

ഇന്നലെയായിരുന്നു തൂങ്ങിമരിച്ച കൃഷ്ണൻ എന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിൾ വീണ്ടും പരിശോധനയ്ക്കയച്ചെങ്കിലും അതും പോസീറ്റീവ് ആയി. കണ്ടെയ്ൻമെന്റ് സോണിൽ വാഹന ഗതാഗത നിരോധനമടക്കം ഉണ്ടാവുമെങ്കിലും ബീച്ച് ആശുപത്രിയിലേക്ക് വരുന്നതോ അവിടെ നിന്ന് പോവുന്നതോ ആയ വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമായിരിക്കില്ല.

ഭക്ഷ്യ, അവശ്യ വസ്തുക്കൾ കച്ചവടംചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. കൂടാതെ ഭക്ഷ്യ അവശ്യ വസ്തുക്കൾ, മെഡിക്കൽ ഷോപ്പുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനും നിരോധനമുണ്ട്. നിയന്ത്രണമുള്ള വാർഡുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒരേസമയം എത്തിച്ചേരുന്നതും നിരോധിച്ചു.



കോർപറേഷൻ പരിധിയിലെ ഓരോ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും നാളെ 300 വീതം സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് വർധിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ജില്ലയിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക യോഗങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു.

Post a Comment

0 Comments