കോഴിക്കോട്: തൂണേരിയിൽ അമ്പതോളം ആളുകൾക്ക് ആന്റിജൻ ബോഡി ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയിൽ രോഗം പകർന്നത് മരണവീടുകളിൽനിന്നാണ്. കണ്ണൂരിലേയും കോഴിക്കോട്ടെയും മരണവീടുകളിൽനിന്നാണ് രോഗം പടർന്നതെന്നും കളക്ടർ അറിയിച്ചു.
പുതിയ സാഹചര്യത്തിൽ ജില്ലയിലെ കൂടിച്ചേരലുകൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടി യോഗങ്ങളിലും പരിപാടികളിലും പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിക്ക് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.
വിവാഹ പരിപാടികളിൽ അമ്പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്. മരണവീടുകളിലും കർശന നിയന്ത്രണം തുടരും. 20 പേരിൽ കൂടുതൽ ആളുകൾ മരണവീടുകളിൽ എത്തുന്നില്ല എന്നത് ഉറപ്പ് വരുത്തും. ഇതിന് പുറമെ ജില്ല വിട്ട് പോവുന്നവർ ആർ.ആർ.ടിയെ അറിയിക്കണമെന്നും, ഗ്രാമപ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ സംഘിച്ച് എത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തൂണേരിയിൽ 67-കാരിക്കും 27-കാരനും നാദാപുരത്ത് 34-കാരിക്കുമാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശം അവഗണിച്ച് കൂടുതൽ പേർ മരണവീട്ടിലേക്ക് പോയത് വിനയായിട്ടുണ്ട്. തൂണേരിയിൽ ജനപ്രതിനിധി അടക്കമുള്ളവരുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവായത് ആരോഗ്യ പ്രവർത്തകരിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്.
കൂടതൽ രോഗികൾ ഉണ്ടാവാനുള്ള സാധ്യതയാണുള്ളത്. പുതിയ സാഹചര്യത്തിൽ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. നിലവിൽ നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്.
0 Comments