- റീ ടെന്‍ഡര്‍ ഉത്തരവ് ഉടന്‍ എന്ന് ദേശീയപാത അതോറിറ്റി
കോഴിക്കോട്: ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡിനെ (ഇന്‍കെല്‍) വന്‍ സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിട്ടുകൊണ്ട് രാമനാട്ടുകര - വെങ്ങളം ബൈപ്പാസ് നിര്‍മാണ കരാര്‍ ദേശീയപാത അതോറിറ്റി റദ്ദാക്കി. നിര്‍മാണം ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കണ്‍സ്ട്രക്ഷന്‍സുമായുള്ള കരാറാണ് എന്‍എച്ച്എഐ റദ്ദാക്കിയത്. ബാങ്ക് ഗാരന്റിയായി കെട്ടിവെച്ച 85 കോടി രൂപ ഉള്‍പ്പെടെ ഇന്‍കെലിനു 125 കോടി രൂപയുടെ നഷ്ടം വരുത്തിവയ്ക്കുന്നതാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിനെ ഉള്‍പ്പെടെ നിയമക്കുരുക്കിലേക്കും വലിച്ചിഴയ്ക്കും.
ടെന്‍ഡര്‍ പ്രകാരം നിര്‍മാണം തുടങ്ങാത്തതുള്‍പ്പെടെ 3 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരാര്‍ റദ്ദാക്കുന്നത്. ഇന്‍കെലിനും കെഎംസിക്കും ഇതു സംബന്ധിച്ച് കത്തുകള്‍ നല്‍കി. റീ ടെന്‍ഡര്‍ ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് സംസ്ഥാന മരാമത്ത് വകുപ്പിനെയും എം.കെ. രാഘവന്‍ എം.പിയെയും ദേശിയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന വടക്കന്‍ ജില്ലകള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു രാമനാട്ടുകര - വെങ്ങളം ബൈപ്പാസ്. 28 കിലോമീറ്റര്‍ ദൂരം 6 വരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതി 2018 ഏപ്രിലില്‍ കെഎംസിക്ക് ടെന്‍ഡര്‍ ലഭിച്ചു. തുടക്കത്തില്‍ 1250 കോടി രൂപ ചെലവ് കണക്കാക്കിയിരുന്ന പദ്ധതി തുക 1710 കോടി രൂപയായി വര്‍ധിച്ചു.
ടെന്‍ഡര്‍ കെഎംസിക്ക് അനുവദിച്ചെങ്കിലും ബാങ്ക് ഗാരന്റി തുകയായ 85 കോടി രൂപ കെട്ടിവയ്ക്കാന്‍ പോലും അവര്‍ക്കു സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇന്‍കെല്‍ പദ്ധതിയുടെ ഭാഗമായത്. കെഎംസിയുമായി ചേര്‍ന്ന് കാലിക്കറ്റ് എക്‌സ്പ്രസ്‌വേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക ഉദ്ദേശ്യ കമ്പനി (എസ്പിവി) രൂപികരിച്ചു. 49% ഓഹരി പങ്കാളിത്തമാണ് ഇന്‍കെലിന് ഈ കമ്പനിയില്‍ ഉള്ളത്. എന്നാല്‍ പദ്ധതി അനിശ്ചിതമായി നീണ്ടതോടെ ഇന്‍കെലിന്റെ നഷ്ടം വര്‍ധിച്ചുവന്നു. പദ്ധതി തുടങ്ങാന്‍ വൈകുംതോറുമുള്ള നഷ്ടപരിഹാരവും ഇന്‍കെലിന്റെ ബാധ്യതയായി മാറി. മുപ്പതോളം ജീവനക്കാരുടെ ശമ്പളവും മറ്റു ബാധ്യതകളും വന്നതോടെ ഇന്‍കെലിന്റെ സാമ്പത്തിക പ്രശ്‌നങ്ങളും വര്‍ധിച്ചു.
റദ്ദാക്കാന്‍ ഉള്ള കാരണങ്ങള്‍
- ഓഗസ്റ്റ് 31നു മുന്‍പ് നിര്‍മാണ കരാര്‍ ഒപ്പിട്ടില്ല
- എന്നു നിര്‍മാണം തുടങ്ങാം എന്നതു സംബന്ധിച്ച് ഒരു ഉറപ്പും കമ്പനി നല്കുന്നില്ല
- സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയെ കരാറില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം
0 Comments