തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട്



തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്. കൂടാതെ കോവിഡ് കാലത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചത് തിരികെ നല്‍കാനും തീരുമാനമായി.



പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കോവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്. കൂടാതെ വോട്ടെടുപ്പിന് തലേ ദിവസം രോഗം സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യുമെന്ന കാര്യവും ചര്‍ച്ചയായി. എന്നാല്‍ ഇക്കാര്യത്തില്‍ കമ്മിഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന തീരുമാനത്തിലാണ് മന്ത്രിസഭായോഗം പിരിഞ്ഞത്. ഇതോടൊപ്പം വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാക്കി ദീര്‍ഘിപ്പിച്ചു. ഈ ഭേദഗതികളടക്കം ഓര്‍ഡിനന്‍സിന്റെ ഭാഗമായി വരും.



കാലാവധി കഴിഞ്ഞ 23 ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിളംബരം ചെയ്യാനുള്ള തീരുമാനവും സര്‍ക്കാര്‍ ക്കൈകൊണ്ടു. കൂടാതെ കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചിരുന്നു. ഇരുപത് ശതമാനം ശമ്പളം വീതം അഞ്ച്മാസമായി പിടിച്ചുവെച്ചിരുന്നു.  ഇത് പി എഫില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഈ ശമ്പളം ഒന്‍പത് ശതമാനം പലിശയോടെയാകും പി എഫില്‍ ലയിപ്പിക്കുക.

നിലവില്‍ 20 കൊല്ലമായിരുന്നു ശമ്പളമില്ലാതെയുള്ള അവധി. ഇത് അഞ്ച് വര്‍ഷമായി കുറച്ചിട്ടുണ്ട്.

Post a Comment

0 Comments