വ്യാജ സ്വർണപ്പണയ തട്ടിപ്പ്: അധികൃതർ വിളിച്ചപ്പോൾ ബിന്ദു​ എത്തി; ഉടൻ പിടിയിലായി



കോഴിക്കോട്: ‘‘നിങ്ങൾ പണയം വെച്ച സ്വർണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ട്. അത് പരിഹരിക്കുന്നതിനായി ബാങ്കിൽ‌ എത്തണം’’ -ബാങ്കധികൃതർ ബിന്ദുവിനോട് ഫോണിൽ ആവശ്യപ്പെട്ടു. സംഭവം സംസാരിച്ച് ഒത്തുതീർപ്പാക്കാനാണെന്ന് കരുതി ബിന്ദു എത്തുകയും ചെയ്തു.

എന്നാൽ ബാങ്കിലെത്തിയ ഉടനെ മഫ്തിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇങ്ങനെയാണ് കോഴിക്കോട് പി.എം. താജ് റോഡിലെ യൂണിയൻ ബാങ്കിൽ നിന്നും അഞ്ചരക്കിലോ വ്യാജ സ്വർണം പണയംവെച്ച് ഒന്നരക്കോടി രൂപയോളം തട്ടിയ വയനാട് സ്വദേശിനി കെ.കെ. ബിന്ദുവിനെ പോലീസ് കുടുക്കിയത്.

ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാലാണ് പോലീസ് ഇത്തരത്തിലുള്ളൊരു നീക്കം നടത്തിയത്.കുറച്ചുമുൻപാണ് ബാങ്കിൽ ഇത്രയും വലിയ തട്ടിപ്പ് നടന്നതായി അധികൃതർക്കും മനസ്സിലായത്. പരാതിയെത്തുടർന്ന് പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ബിന്ദുവും കൂട്ടാളികളുമാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയത്‌.

നാല് വർഷമായി ബിന്ദു വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് താമസം മാറിയിട്ട്. നാല് വർഷത്തിനുള്ളിൽ ഇത്രയും സ്ഥാപനങ്ങൾ കെട്ടിപ്പടുത്തത് ഇൗ തട്ടിപ്പ് നടത്തിയ തുക കൊണ്ടാണോയെന്ന് അന്വേഷിക്കുമെന്നും ടൗൺ സി.ഐ. എ. ഉമേഷ് പറഞ്ഞു.

ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെയും മുക്കുപണ്ടം പണയം വെക്കാനായി ഇവർ ഉപയോഗിച്ചിട്ടുണ്ട്.

ഇവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള അക്കൗണ്ടുകൾ ഈ ബാങ്കുകളിലായതിനാലും ബാങ്കിന്റെ തൊട്ടടുത്തുതന്നെ ഇവരുടെ ഉടമസ്ഥതയിലുള്ള മെസ് പ്രവർത്തിക്കുന്നതിനാലും ബാങ്കിൽ കൃത്രിമത്വം കാണിക്കാൻ പ്രതിക്ക്‌ എളുപ്പം കഴിഞ്ഞിട്ടുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments