പേരാമ്പ്ര ടൗണിൽ സിസിടിവി സ്ഥാപിക്കുന്നുകോഴിക്കോട്:ജനകീയ കൂട്ടായ്മയിൽ പേരാമ്പ്ര ടൗണിൽ സിസിടിവി സ്ഥാപിക്കുന്നു. 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഫണ്ട് സമാഹരണം ഇന്ന് 5ന് പേരാമ്പ്ര ഹൈസ്കൂൾ റോഡ് ജംക്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക ട്രസ്റ്റ് അധ്യക്ഷ കെ.എം. റീന, ജനറൽ കൺവീനർ എ.കെ. തറുവയി ഹാജി എന്നിവർ അറിയിച്ചു.

കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ കല്ലോട് മുതൽ കൈതക്കൽ സ്റ്റീൽ ഇന്ത്യ വരെയൂം ചെമ്പ്ര റോഡിൽ സിൽവർ കോളജ് ജംക്‌ഷൻ വരെയുമാണ് സ്ഥാപിക്കുക. വടകര റോഡിൽ ഹൈസ്കൂൾ റോഡ് ജംക്‌ഷൻ വരെയും കോടതി റോഡിലും മറ്റ് പ്രധാന സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. അൻപതോളം വിവിധ തരത്തിലുള്ള ക്യാമറകളാണ് സ്ഥാപിക്കുക.

പേരാമ്പ്ര സിഐയുടെ നേതൃത്വത്തിൽ പൊലീസിനായിരിക്കും സംവിധാനത്തിന്റെ നിയന്ത്രണം. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റാണ് മെയിന്റനൻസ് അടക്കമുള്ള ചുമതല നിർവഹിക്കുന്നത്. സ്വരൂപിക്കുന്ന പണം ബാങ്ക് അക്കൗണ്ട് വഴിയാണു കൈകാര്യം ചെയ്യുക. ടൗണിലെ സാമൂഹിക വിരുദ്ധ ശല്യത്തിനറുതി വരുത്തുന്നതിനാണ് നഗരം ക്യാമറാ നിരീക്ഷണ പരിധിയിൽ കൊണ്ടുവരുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ഡോ. കെ. രാജൻ അടിയോടി, കെ. വത്സരാജ്, പി. ബാലൻ അടിയോടി, പുതുക്കുടി അബ്ദുറഹിമാൻ, എൻ.പി. വിധു എന്നിവരും പങ്കെടുത്തു.