ബേപ്പൂരില്‍ ബോട്ടുകള്‍ തിരിച്ചെത്തിത്തുടങ്ങി

 കോഴിക്കോട്‍: ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് മീന്‍പിടിത്തത്തിന് പോയ ബോട്ടുകള്‍ തിരിച്ചെത്തിത്തുടങ്ങി. ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ട് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും അതിലെ മറുനാടന്‍ മത്സ്യത്തൊഴിലാളികളുമാണ് ബേപ്പൂരില്‍ തിരിച്ചെത്തിയത്. ടിപ്പുസുല്‍ത്താന്‍, ഹജാസ്, ഗോള്‍ഡ്ഫിഷ്, ഹജറ, അര്‍ബ, സിക്ര, അല്‍ത്താസ്, അമ്മാന്‍ എന്നീ ബോട്ടുകളും അതിലെ 120 മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി എത്തി. 15 ദിവസംമുമ്പ് കടലില്‍ മത്സ്യബന്ധനത്തിന് പോയവരും ഇക്കൂട്ടത്തിലുണ്ട്. ഓഖി ചുഴലിക്കാറ്റിനെ അതിജീവിച്ച് മൂന്നുദിവസം തങ്ങള്‍ക്ക് കടലില്‍ നങ്കൂരമിട്ട് കഴിയേണ്ടിവന്നുവെന്ന് 'അല്‍ത്താസ്' ബോട്ടിലെ സ്രാങ്ക് ഡേവിഡ് രാജ് പറഞ്ഞു. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ നൂറോളം ബോട്ടുകളെങ്കിലും ഇനി തിരിച്ചെത്താനുണ്ട്. ഇതില്‍ ഏറിയപങ്കും മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ അഭയംതേടിയതായാണ് വിവരം.