റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ കാര്യാലയം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി



  •  കോഴിക്കോട്ടേക്ക് വീണ്ടും വരുന്നത് ആറുവര്‍ഷം മുന്‍പ് കണ്ണൂരിലേക്കുമാറ്റിയ ഓഫീസ് ഓഫീസ് 


 കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ആറുവര്‍ഷം മുന്‍പ് കണ്ണൂരിലേക്കുമാറ്റിയ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ (കണ്‍സ്ട്രക്ഷന്‍) ഓഫീസ് ചൊവ്വാഴ്ചമുതല്‍ വീണ്ടും കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. തിരുനാവായ-ഗുരുവായൂര്‍ പാതയുടെ പ്രവര്‍ത്തനം, കാലഹരണപ്പെട്ട ആറ് പാലങ്ങള്‍ക്ക് പകരം പാലം നിര്‍മിക്കല്‍, 15 റെയില്‍ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണജോലി തുടങ്ങിയവയുടെ ഏകോപനം കാര്യക്ഷമമാക്കാനാണ് ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് റെയില്‍വേ വ്യക്തമാക്കി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായി കണ്ണൂരില്‍ ജോലിചെയ്തുവന്ന കെ. മൊയ്തീന്‍കുട്ടിയെ മൂന്ന് മാസംമുന്‍പാണ് കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ ഡയറക്ടറായി നിയമിച്ചത്. സ്റ്റേഷന്‍ഡയറക്ടറായി ചുമതലയേറ്റതോടെ കണ്ണൂരിലെ ഓഫീസ് പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയാതായി. കണ്ണൂര്‍ മേഖലയിലേതിനെക്കാള്‍ പ്രവൃത്തികള്‍ കോഴിക്കോട് മേഖലയിലാണ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന് പൂര്‍ത്തിയാക്കാനുള്ളത് എന്നതും കണക്കിലെടുത്താണ് ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റിയത്. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജി നീയര്‍, 11 ഓഫീസ് സ്റ്റാഫ് എന്നിവര്‍ ഓഫീസ് മാറ്റത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട്ട് ചുമതലയേറ്റു. തിരുനാവായ -ഗുരുവായൂര്‍ പാതയുടെ സര്‍വേ അന്തിമഘട്ടത്തില്‍ തിരുനാവായ-ഗുരുവായൂര്‍പാതയുടെ സര്‍വേ നടപടികള്‍ അന്തിമഘട്ടത്തിലെത്തി അലൈന്‍മെന്റ് നിശ്ചയിച്ചുതുടങ്ങി. 700 കോടി രൂപ ചെലവ് വരുന്ന 35 കിലോമീറ്റര്‍ നീളമുള്ള പാതയുടെ കുന്ദംകുളം വരെയുള്ള സര്‍വേ പൂര്‍ത്തിയായി അലൈന്‍മെന്റ് നിശ്ചയിച്ചു. കുന്ദംകുളം മുതല്‍ തിരുനാവായവരെയുള്ള പാതയുടെ സര്‍വേക്കുള്ള കരാര്‍ നല്‍കിക്കഴിഞ്ഞതായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഓഫീസ് വ്യക്തമാക്കി. കാലതാമസമില്ലാതെ പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. പൂര്‍ത്തിയാക്കാനുള്ളത് ആറ് പാലങ്ങള്‍ കാലപ്പഴക്കം ചെന്ന പഴയപാലങ്ങള്‍ക്ക് പകരം പുതിയ പാലം നിര്‍മിക്കുന്ന ജോലി മൂരാട്, ധര്‍മടം, കൂടക്കടവ്, പഴയങ്ങാടി, നീലേശ്വരം, കാസര്‍കോട് ജില്ലയിലെ ഷിറിയ എന്നിവിടങ്ങളില്‍ നടന്നുവരുന്നു. ഇതില്‍ മൂരാട് പാലത്തിന്റെ പണി തീരാറായി. പാവങ്ങാട്, തവം, ഫറോക്ക്, തിരൂര്‍ എന്നിവിടങ്ങളില്‍ റെയില്‍ ഓവര്‍ബ്രിഡ്ജുകളുടെ പണി പുരോഗമിക്കുകയാണ്. അകത്തെതറ, പാലക്കാട്, ചെട്ടിപ്പടി, താനൂര്‍, കൊടുവള്ളി (തലശ്ശേരി) എന്നിവിടങ്ങളിലെ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.