ചാലിയാർ പുഴയിൽ അഞ്ച് തടയണകള്‍കൂടികോഴിക്കോട്: മലിനീകരണഭീഷണി നേരിടുന്ന ചാലിയാറില്‍ അഞ്ച് തടയണകള്‍കൂടി നിര്‍മിക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്ക. വെള്ളത്തിലെ ഓക്‌സിജന്‍ കുറവിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും 
ഇടയാക്കുന്ന ബ്ലൂഗ്രീന്‍ ആല്‍ഗയുടെ (സൈനോ ബാക്ടീരിയ) സാന്നിധ്യം ചാലിയാറില്‍ സ്ഥിരീകരിച്ചിരുന്നു. തടയണകെട്ടി വെള്ളത്തിന്റെ ഒഴുക്ക് തടയുന്നത് സ്ഥിതി രൂക്ഷമാക്കുമെന്നാണ് ആശങ്ക. 

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ വിവിധ നദികളിലായി 44 തടയണകള്‍ക്ക് അനുവാദംനല്‍കിയിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം ചാലിയാറിലാണ് നിർമിക്കുന്നത്. എടവണ്ണ, പോത്തുകല്ല്, ചുങ്കത്തറ (ആരംപുളിക്കല്‍), കരുളായി, കാളികാവ് എന്നിവിടങ്ങളിലാണ് പുതിയ തടയണകള്‍ക്ക് പദ്ധതിയുള്ളത്. ഇവയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ എടവണ്ണ, ഓടായിക്കല്‍, പൂക്കോട്ടുമണ്ണ എന്നിവിടങ്ങളില്‍ തടയണകളുണ്ട്. തsയണ നിര്‍മാണത്തിനായി പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ സാമ്പത്തിക ഭദ്രതാപഠനമോ നടത്തിയിട്ടില്ലെന്ന് കേരള നദീസംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. ഏറ്റവും ചുരുങ്ങിയത് നദികളില്‍ ജലമൊഴുക്കുണ്ടാവുമെന്ന് ഉറപ്പുവരുത്തുന്ന പഠനങ്ങളും നടത്തിയിട്ടില്ല. തടയണകള്‍ പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടയുന്നു. തടയണ പ്രദേശത്ത് മണലും അഴുക്കും പ്ലാസ്റ്റിക്കുകളും അടിഞ്ഞുകൂടി തുരുത്തുകള്‍ രൂപപ്പെടുന്നത് സാധാരണമാണ്. 

കോഴിക്കോട് കുറ്റ്യാടി വിഷഷ്ണുമംഗലം പുഴ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജല അതോറിറ്റിയുടെ പമ്പിങ്ങിനായി തടയണ കെട്ടിയ സ്ഥലത്ത് പുഴയില്‍ തുരുത്തുകളും ചെറുകുറ്റിക്കാടുകളും വളര്‍ന്ന് പുഴ നശിച്ചിരിക്കുകയാണ്. എന്നാല്‍ വേനല്‍ക്കാലത്തുമാത്രം ഒഴുക്ക് തടയുന്ന ചെറിയ തടയണകള്‍ കാര്യമായ പരിസ്ഥിതിപ്രശ്‌നം ഉണ്ടാക്കന്‍ സാധ്യതയില്ലെന്ന് C.W.R.D.M ശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഹമീദ് അഭിപ്രായപ്പെട്ടു. 

പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതാണ് വിഷകാരിയായ ബ്ലൂഗ്രീന്‍ ആള്‍ഗ പോലുള്ളവയുടെ വളര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അരീക്കോട് പഞ്ചായത്തില്‍ ചാലിയാര്‍ തീരങ്ങളില്‍ സൈനോ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സി.ഡബ്‌ള്യു.ഡി.ആര്‍.ഡി.എം. സൈനോ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് കുറയുന്നത് പായലിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടും. അരീക്കോട്, വാഴക്കാട് ഊര്‍ങ്ങാട്ടേരി , കാവന്നൂര്‍ പ്രദേശങ്ങളില്‍ ചാലിയാര്‍ സംരക്ഷണസമിതി നടത്തിയ പരിശോധനയില്‍ നദീതീരങ്ങളില്‍ വ്യാപകമായ കൈയേറ്റങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാലിന്യം പുഴയിലേക്ക് തള്ളുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
Back To Blog Home Page