ഓൺലൈൻ ടാക്സി: വിശദമായ പഠനം നടത്തണം
  • ഓൺലൈൻ ടാക്സികൾ കോഴിക്കോടിനുമാത്രം  അന്യമാവുമോ? 


കോഴിക്കോട്: മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച തുറന്ന സംവാദത്തിൽ ഉയർന്നത് രൂക്ഷമായ വാദപ്രതിവാദങ്ങൾ.ഓൺലൈൻ ടാക്സികൾ ആവശ്യമെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടപ്പോൾ എതിർവാദങ്ങളുമായി തൊഴിലാളികളും നേതാക്കളും രംഗത്തെത്തി. അതോടെ സംവാദം നിയന്ത്രിക്കാൻ മോഡറേറ്ററായ എൻ.ഐ.ടി. ആർക്കിടെക്ട്‌   അസോസിയേറ്റ് പ്രൊഫ. ഡോ. പി.പി. അനിൽകുമാർ പാടുപെട്ടു. ഒടുവിൽ വിശദമായ പഠനം നടത്തുമെന്ന് സംവാദം ഉദ്ഘാടനംചെയ്ത കളക്ടർ യു.വി. ജോസ് പറഞ്ഞതോടെയാണ് ഇരുപക്ഷവും ശാന്തമായത്. ഓൺലൈൻ ടാക്സിയുടെ സാധ്യതകളും പ്രശ്നങ്ങളും വ്യക്തമായി പഠിച്ച് ധവളപത്രം ഇറക്കണമെന്ന് കളക്ടർ വ്യക്തമാക്കി. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ ഇക്കാര്യത്തിൽ  തീരുമാനമെടുക്കാനാവൂ. തൊഴിലാളികളുടെ ജീവിതോപാധിയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രശ്നത്തെ യാഥാർഥ്യബോധത്തോടെ  സമീപിക്കണം. സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കുന്ന യുവതലമുറയുടെ വികാരവും കണക്കിലെടുക്കണം -കളക്ടർ പറഞ്ഞു. കളക്ടർ അഭിപ്രായപ്പെട്ടതുപോലെ  ഓൺലൈൻ ടാക്സി സംബന്ധിച്ച് വിശദമായ പഠനത്തിന് ചേംബർ ഓഫ് കൊമേഴ്‌സ് മുൻകൈയെടുക്കുമെന്ന് സംവാദത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് പി.വി. നിധീഷ് വ്യക്തമാക്കി. ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ചേംബറിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഓൺലൈൻ ടാക്സിയെന്ന ആശയത്തോട് എതിർപ്പില്ലെന്ന് സി.ഐ.ടി.യു. നേതാവ് മമ്മു പറഞ്ഞു. സർക്കാർ നിശ്ചയിച്ചതിലും  കുറഞ്ഞ നിരക്കിൽ ഓടി പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും വരുമാനവും നഷ്ടമാക്കാൻ കുത്തകക്കമ്പനികളെ  അനുവദിക്കാനാവില്ല. തൊഴിൽരംഗത്ത് കുത്തക സ്ഥാപിച്ചശേഷം നിരക്കുകൂട്ടുന്ന  തന്ത്രമാണ് ഉബറും ഒലയും പോലുള്ള കമ്പനികളും നടത്തുന്നത്. സർക്കാർതന്നെ ഓൺലൈൻ സംവിധാനം ഒരുക്കിയാൽ അത് സ്വാഗതംചെയ്യും -മമ്മു  വ്യക്തമാക്കി. കമ്പനികൾ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ച് കൂലിനൽകാതെ  കബളിപ്പിക്കുന്ന സംഭവങ്ങൾ നടക്കുന്നെന്ന് ബി.എം.എസ്. പ്രതിനിധി എ.കെ. പ്രേമൻ പറഞ്ഞു. മുതൽമുടക്കില്ലാതെ ലാഭംകൊയ്യുകയാണ് ഓൺലൈൻ കമ്പനികൾ. തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാത്ത രീതിയിൽ ഓൺലൈൻ സംവിധാനം നടപ്പാക്കാനാവുമോ എന്നുപഠിക്കണമെന്ന്  ഐ.എൻ.ടി.യു.സി. പ്രതിനിധി എം. രാജൻ അഭിപ്രായപ്പെട്ടു. ടാക്സി സർവീസ് മേഖല വിദേശകുത്തകകൾക്ക് തീറെഴുതുന്നതിനെയാണ് എതിർക്കുന്നതെന്ന് എ.ഐ.ടി.യുസി. പ്രതിനിധി പി.കെ. നാസർ പറഞ്ഞു. മാറ്റങ്ങൾക്കുനേരെ കണ്ണടയ്ക്കാനാവില്ലെന്ന് ഉപഭോക്തൃ സംരക്ഷണസമിതിനേതാവ്  ടി.കെ. അസീസ് പറഞ്ഞു. മെച്ചപ്പെട്ട സേവനം ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശം തടയാൻപാടില്ല. തിരിച്ചുള്ള യാത്രകളും ലഭിക്കുന്നതുകൊണ്ടാണ് ഓൺലൈൻ ടാക്സികൾക്ക്  കുറഞ്ഞ നിരക്കിൽ ഓടാൻ കഴിയുന്നതെന്ന് ഉബർ പ്രതിനിധി ഫഹദ് പറഞ്ഞു. തിരക്കുകൂടുന്ന സമയങ്ങളിൽ ഉബർ നിരക്ക് കൂട്ടാറുണ്ട്. തിരക്ക് കുറവുള്ള  സ്ഥലങ്ങളിൽനിന്ന് ടാക്സിയുടെ ലഭ്യത ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും ഫഹദ് പറഞ്ഞു. നിരക്ക് കുറച്ച് ടാക്സികൾ സർവീസ് നടത്തുന്നത് തടയാൻ നിയമമില്ലെന്ന് ആർ.ടി.ഒ. സി.ജെ. പോൾസൺ പറഞ്ഞു. യൂണിയനുകൾ മുൻകൈയെടുത്ത് ഓൺലൈൻ സംവിധാനം ഉണ്ടാക്കുന്നത് പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ കെ.പി. അബ്ദുൾ റസാഖ് അഭിപ്രായപ്പെട്ടു. ഓൺലൈൻ ടാക്സികളെയും യാത്രക്കാരെയും തടഞ്ഞാൽ നിയമപരമായ നടപടി സ്വീകരിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എം.സി. ദേവസ്യയും ചർച്ചയിൽ പങ്കെടുത്തു. ചേംബർ സെക്രട്ടറി നിത്യാനന്ദ് കമ്മത്ത് നന്ദിപറഞ്ഞു.