കോഴിക്കോട്: മലബാര്‍ മേഖലയിലെ കാടുകളില്‍ മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ ശക്തിപ്രാപിച്ചുവരികയാണെന്ന് രഹസ്യന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തെല്‍. കോഴിക്കോട്, വയനാട്, മലപ്പുറം കാടുകളിലാണ് ഇവര്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്. കത്വ വിഷയവും ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ സജീവമായി ചര്‍ച്ചചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു ഇടവേളക്ക് ശേഷം മാവോയിസ്റ്റുകള്‍ വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയത് മലയോര മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വയനാട് മേപ്പാടി ചുരം വഴിയാണ് കഴിഞ്ഞ ദിവസം ആയുധധാരികളായ നാലംഗ സംഘം താമരശ്ശേരിയില്‍ എത്തിയത്. ഇവരെ രഹസ്യന്വേഷണ വിഭാഗം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തവണ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആയുധങ്ങള്‍ ഇവര്‍ക്ക് പക്കല്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ യുവാവാക്കളും സ്ത്രീകളും ഇവര്‍ക്ക് ഒപ്പം ചേര്‍ന്നതായും വിവരം ഉണ്ട്. കേരളം മാവോയിസ്റ്റ് താവളമായി മാറിയെന്നും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിലെ കാടുകളില്‍ മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ ശക്തിപ്രാപിച്ചുവരികയാണെന്നും, ഇവിടെ പരിശീലനങ്ങള്‍ നടക്കുന്നുണ്ടെന്നുണ്ടെന്നും നേരത്തെ കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തമിഴ്‌നാടും കര്‍ണ്ണാടകവും മാവോയിസ്റ്റ് വേട്ട ശക്തമാക്കിയെങ്കിലും കേരളം മൃദുസമീപനമാണ് കാട്ടുന്നതെന്ന വിമര്‍ശനമാണ് നിലവിലുള്ളത്. നിലമ്പൂര്‍ വെടിവെപ്പിനുശേഷം കേരളം മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് പിന്തിരിഞ്ഞതിനെയും ഇന്റലിജന്‍സ് വിമര്‍ശിക്കുന്നുണ്ട്. മാവോയിസ്റ്റുകളോട് ഇനി മൃദുസമീപനം പാടില്ലെന്നും മുന്നറിയിപ്പും ഒപ്പം നല്‍കുന്നുണ്ട്. അതെ സമയം കൂടുതല്‍ ആളുകള്‍ പുതുതായി വന്നതോടെ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇവര്‍ വലിയ പ്രയാസം അനുഭവിക്കുന്നതായാണ് വിലയിരുത്തല്‍.
0 Comments