ബേപ്പൂരിലെ സുരക്ഷാ പരിശോധനാകേന്ദ്രം ഉദ്ഘാടനം 28-ന്



കോഴിക്കോട്:ലക്ഷദ്വീപ് കപ്പൽ യാത്രക്കാരെയും ബാഗേജുകളും പരിശോധിക്കുന്നതിനു ബേപ്പൂർ തുറമുഖത്ത് നിർമിച്ച സുരക്ഷാ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം(സെക്യൂരിറ്റി ചെക്കിങ് സെന്റർ) 28-ൻ .രാവിലെ 11നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ചെക്കിങ് സെന്റർ നാടിനു സമർപ്പിക്കുന്നത്. വി.കെ.സി. മമ്മദ്കോയ എംഎൽഎ അധ്യക്ഷത വഹിക്കും.  തുറമുഖ മാസ്റ്റർ പ്ലാൻ പ്രകാരം 43.5 ലക്ഷം രൂപ ചെലവിട്ടു തുറമുഖ കവാടത്തിലാണ് ഇരുനില കെട്ടിടം.നിലവിൽ തുറമുഖ വാർഫിലെ കെട്ടിടത്തിൽ സജ്ജീകരിച്ച എക്സ്റേ സ്കാനിങ്, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, ഹാൻഡ് മെറ്റൽ ഡിറ്റക്ടർ എന്നിവയുപയോഗിച്ചുള്ള പരിശോധനകൾ ഇനി പുതിയ ഇടത്തിലാകും.

അടുത്ത സീസൺ തുടങ്ങുന്ന സെപ്റ്റംബർ 15 മുതൽ ലക്ഷദ്വീപ് യാത്രക്കാരെ സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രമേ വാർഫിലേക്ക് പ്രവേശിപ്പിക്കൂ. 1700 ചതുരശ്ര അടി വിസ്തീർണത്തിലുള്ള പരിശോധന കേന്ദ്രത്തിൽ കപ്പൽ യാത്രക്കാരുടെയും ലഗേജുകളുടെയും സുരക്ഷാ പരിശോധന താഴത്തെ നിലയിലാകും പ്രവർത്തിപ്പിക്കുക. തുറമുഖ ജീവനക്കാരുടെ വിശ്രമ കേന്ദ്രത്തിനാണ് ഒന്നാം നിലയിൽ സൗകര്യമൊരുക്കുന്നത്. തുറമുഖത്ത് കയറ്റിറക്കു തൊഴിലാളികൾക്കു നിർമിച്ച വിശ്രമ കേന്ദ്രത്തിന്റെയും ലോക്കർ മുറിയുടെയും ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിക്കും. ബേപ്പൂർ തുറമുഖം ഇന്റർനാഷനൽ ഷിപ്സ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി കോഡിനു(ഐഎസ്പിഎസ്) കീഴിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണ് സുരക്ഷാ സംവിധാനം വിപുലപ്പെടുത്തുന്നത്. ഐഎസ്പിഎസ് കോഡ് ചട്ടപ്രകാരം തുറമുഖ ചുറ്റുമതിൽ ഉയരം കൂട്ടുകയും നിരീക്ഷണ ക്യാമറകൾ, ഇലക്ട്രോണിക് ബാരിക്കേഡ്, വയർലെസ് സെറ്റ്, നൈറ്റ് വിഷൻ ഗ്ലാസ്, ബൈനോക്കുലർ, വാഹനങ്ങളുടെ അടിവശം പരിശോധിക്കുന്ന കണ്ണാടി എന്നിവയെല്ലാം തുറമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

0 Comments