വനം കൈയ്യേറി നിർമിച്ച സ്വകാര്യ റിസോട്ട് വനം വകുപ്പ് പൂട്ടി സീൽവെച്ചു

വനംവകുപ്പ് പൂട്ടി സീൽവെച്ച മുത്തപ്പന്‍പുഴയിലെ ഹൈ ലൈഫ് റിസോര്‍ട്ട്

കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴയില്‍ വനം കൈയേറി നിര്‍മിച്ച സ്വകാര്യ റിസോര്‍ട്ട് വനംവകുപ്പ് ഏറ്റെടുത്ത് പൂട്ടി സീൽ വെച്ചു. മുത്തപ്പന്‍പുഴയിലെ ഹൈ ലൈഫ് റിസോര്‍ട്ടാണ് വനംവകുപ്പ് പിടിച്ചെടുത്തത്. രണ്ടു നിലയിലുള്ള രണ്ടു കെട്ടിടമാണ് ഇവിടെ നിര്‍മിച്ചത്. ഒന്ന് റിസോര്‍ട്ട് കെട്ടിടവും രണ്ടാമത്തേത് ജോലിക്കാര്‍ക്ക് താമസിക്കാന്‍വേണ്ടി നിര്‍മിച്ച കെട്ടിടവുമാണ്. റിസോര്‍ട്ട് കെട്ടിടത്തില്‍ താഴെനിലയില്‍ ഒരു ഹാളും നാലു കിടപ്പുമുറികളും അടുക്കളയും മുകളിലെ നിലയില്‍ വിശാലമായ മറ്റൊരു ഹാളുമാണുണ്ടായിരുന്നത്. ജോലിക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച കെട്ടിടത്തില്‍ താഴെനിലയില്‍ രണ്ടു മുറികളും അടുക്കളയും മുകള്‍നിലയില്‍ തുറന്നുകിടക്കുന്ന ഒരു ഹാളുമാണുള്ളത്. രണ്ടു കെട്ടിടങ്ങളും സര്‍ക്കാരിലേക്ക് ഏറ്റെടുത്തതായി കാണിച്ച്‌ നോട്ടീസ് പതിക്കുകയും വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മഹസര്‍ തയ്യാറാക്കി ഏറ്റെടുക്കുകയും ചെയ്തു.

ഇവിടെ പത്തേക്കറോളം വനഭൂമി കൈയേറിയതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ താമരശ്ശേരി വനം റേഞ്ച് ഓഫീസര്‍ ഇ. ഇംറോസ് ഏലിയാസ് നവാസ്. റിസോര്‍ട്ടിനോടൊപ്പം ഔഷധത്തോട്ടമാണ് സ്ഥലത്തുള്ളത്. ജാതി, പുളി, മാതളം തുടങ്ങിയ സസ്യങ്ങളാണ് ഇതില്‍. താമരശ്ശേരി താലൂക്കിലെ തിരുവമ്ബാടി വില്ലേജില്‍ വി.എഫ്.സി. ഇനം 133-ല്‍ സര്‍വേ നമ്ബര്‍ 163/ 11-2-ല്‍പ്പെട്ടതും ഏടത്തറ വനം സെക്ഷനില്‍ മുത്തപ്പന്‍പുഴ ബീറ്റില്‍ ഉള്‍പ്പെട്ടതുമായ സ്ഥലമാണിതെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2003-ലാണ് സ്ഥലം കൈവശപ്പെടുത്തിയതെന്ന് കരുതുന്നു. 2011-നുശേഷമാണ് കെട്ടിടം നിര്‍മിച്ചതെന്ന് കരുതുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലം ഉടമയോട് ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയത് ഈ സ്ഥലത്തിന്റെ രേഖയല്ലെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഈ ഭാഗത്ത് വനഭൂമിയും സ്വകാര്യഭൂമിയും തമ്മിലുള്ള അതിര്‍ത്തി കണ്ടെത്താനുള്ള സര്‍വേ നടന്നിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കൈയേറ്റം കണ്ടെത്തിയത്. ഡിവിഷണല്‍ വനം ഓഫീസര്‍ കെ.കെ. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കാനെത്തിയ സംഘത്തില്‍ ഡെപ്യൂട്ടി വനം റേഞ്ച് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍മാരായ കെ.പി. അബ്ദുള്‍ ഗഫൂര്‍, കെ.പി. അഭിലാഷ്, കെ. അബ്ദുള്‍ ഗഫൂര്‍, കെ.കെ. സജീവ് കുമാര്‍ എന്നിവരുണ്ടായിരുന്നു.

Post a Comment

0 Comments