നിപാ വൈറസ് ബാധിതരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും; തീരുമാനത്തെ അഭിനന്ദിച്ച്‌ പ്രതിപക്ഷവുംതിരുവനന്തപുരം:നിപാ വൈറസ് ബാധിതരായി ചികിത്സയിലിരുന്നവരുടെ മുഴുവന്‍ ചികിത്സാച്ചെലവും സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുക തിരിച്ചുനല്‍കുക. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള 2550 കുടുംബങ്ങള്‍ക്ക് (കോഴിക്കോട് 2400, മലപ്പുറം 150) ചൊവ്വാഴ്ച്ച മുതല്‍ സൗജന്യ റേഷന്‍ കിറ്റ് വിതരണം ചെയ്യും. ആരോഗ്യ വകുപ്പിന്റെയും കോഴിക്കോട്, മലപ്പുറം ജില്ലാ ഭരണകേന്ദ്രങ്ങളുടെയും ഉണര്‍വോടെയുള്ള പ്രവര്‍ത്തനംമൂലം വൈറസ് ബാധ ആദ്യഘട്ടത്തില്‍ത്തന്നെ ഫലപ്രദമായി നിയന്ത്രിക്കാനായി. ജനങ്ങളില്‍ ഭീതിയുളവാക്കുംവിധം നവമാധ്യമങ്ങളിലൂടെ അസത്യപ്രചാരണം നടത്തുന്നവരെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈറസ് ബാധയെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പിന് വിശ്വാസമുണ്ട്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍ ആവശ്യമായ ജാഗ്രത പാലിക്കണം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാലയങ്ങള്‍ ഏപ്രില്‍ 12-വരെ തുറക്കേണ്ടതില്ല. കോഴിക്കോട് ജനങ്ങളില്‍ വൈറസ് ബാധയേക്കുറിച്ച്‌ ഭീതി നിലനില്‍ക്കുന്നുണ്ട്.

നിപാ വൈറസ് വായുമാര്‍ഗം പകരില്ല. രോഗ മൂര്‍ച്ഛയില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ സ്രവത്തിലൂടെ മാത്രമേ വൈറസ് പടരൂകയുള്ളു. വൈറസ് ബാധയുടെ പശ്ചാത്തലത്തിലും മഴക്കാല രോഗങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. ലോകത്ത് മറ്റെവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ ജാഗ്രതാപൂര്‍വമായ ഇടപെടലാണ് നിപാ ബാധയേത്തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രോഗവ്യാപനം തടയാനും മരണം കുറയ്ക്കാനും സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍ സംയോജിതമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര, ദേശീയ ഏജന്‍സികളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് ആദ്യ ഘട്ടത്തില്‍ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ പ്രകടിപ്പിച്ച സംശയമാണ് വൈറസ് ബാധ നേരത്തേ കണ്ടെത്താന്‍ സഹായിച്ചത്. കോഴിക്കോട് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ രാഷ്ട്രിയ പാര്‍ടികളെയും പൊതു സംഘടനകളെയും യോഗം അഭിനന്ദിച്ചു.

നിപാ ബാധയെ പ്രതിരോധിക്കാന്‍ നടത്തിയ സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ, റവന്യൂ മന്ത്രി ടി പി രാമകൃഷ്ണന്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ട്. കോഴിക്കോട് ജനജീവിതവും വാണിജ്യ പ്രവര്‍ത്തനങ്ങളും മന്ദീഭവിച്ച നിലയുണ്ട്. നിപാ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരിയഡിനെക്കുറിച്ച്‌ വ്യക്തമായ ധാരണ ഇല്ലാത്തതിനാല്‍ ജാഗ്രത തുടരണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ പാര്‍ടികള്‍ പങ്കാളികളാകുമെന്നും ചെന്നിത്തല അറിയിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു.

Post a Comment

0 Comments