കോഴിക്കോട്:മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള റോഡിന് 144 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോർജ് എം. തോമസ് എംഎൽഎ അറിയിച്ചു.കിഫ്ബി എക്സിക്യൂട്ടിവ് യോഗത്തിലാണ് മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് ഭരണാനുമതി നൽകിയത്. 33.6 കിലോമീറ്റർ റോഡ് 12 മീറ്റർ വീതിയിൽ ദേശീയ നിലവാരത്തിലാണു നിർമിക്കുക.
കോടഞ്ചേരിയിൽ നിന്നാരംഭിച്ചു പുലിക്കയം–നെല്ലിപ്പൊയിൽ–പുല്ലൂരാംപാറ–പുന്നക്കൽ– കൂടരഞ്ഞി–കൂമ്പാറ– അകമ്പുഴ വഴിയാണു കക്കാടംപൊയിൽ പ്രവേശിക്കുക. സാങ്കേതികാനുമതിയും ഉടൻ ലഭ്യമാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. 87 കോടി രൂപയുടെ അനുമതി ലഭിച്ച കൈതപ്പൊയിൽ–മുക്കം രണ്ടു വരി പാതയുടെ ടെൻഡർ നടപടിപൂർത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
നിലവിലുള്ള റോഡ് വീതി വർധിപ്പിക്കാനായി വശങ്ങളിലെ ഭൂവുടമകൾ സൗജന്യമായി ഭൂമി വിട്ട് നൽകുമെന്ന് തിരുവമ്പാടി പൊതുമരാമത്ത് അസി. എൻജിനീയർ സി.കെ. സുരേഷ് ബാബു പറഞ്ഞു. റോഡ് പ്രവൃത്തിക്ക് സൗജന്യമായി ഭൂമി വിട്ടുനൽകുമ്പോൾ പൊളിച്ചുമാറ്റേണ്ടിവരുന്ന നിർമിതികൾ പുനർനിർമിച്ച് നൽകും. ഇതിനുള്ള ചെലവ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഫ്‌ബി തയാറാക്കിയിരിക്കുന്ന മാന്വൽ അനുസരിച്ചാണ് മലയോര ഹൈവേയുടെ നിർമാണം. കുറഞ്ഞത് ഏഴ് മീറ്ററാണ് ടാറിങ് വീതി. പ്രകൃതിജന്യ റബർപാൽ കൂട്ടിച്ചേർത്തുണ്ടാക്കിയ ബിറ്റുമിൻ ഉപയോഗിച്ചതാണ് ഉപരിതലം നിർമിക്കുക ഇരുവശങ്ങളിലും ആവശ്യമായിടത്തെല്ലാം ഡ്രെയിനേജ്, ഭൂഗർഭ കേബിളുകളും പൈപ്പുകളും ഇടുന്നതിന് കോൺക്രീറ്റ് ഡക്ടുകൾ, നിശ്ചിതദൂരം ഇടവിട്ടു ക്രോസ് ഡക്ടുകൾ എന്നിവ പണിയും. പ്രധാനപ്പെട്ട അങ്ങാടികളിലും കവലകളിലും ഇൻറർലോക്ക് കട്ടകൾ പാകി കൈവരികളോട് കൂടിയ നടപ്പാതകൾ, സൗരോർജ ഇലക്ട്രിക് തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കും. പാതയോരങ്ങളിൽ സൗകര്യമുള്ളിടത്ത് വിശ്രമിക്കാൻ പുൽത്തകിടികളും െബഞ്ചുകളും സ്ഥാപിക്കും. ബസ്‌ബേകൾ,വൈയ്റ്റിങ് ഷെഡുകൾ എന്നിവയും കക്കാടംപൊയിലിൽ പൊലീസ്-മോട്ടോർ വെഹിക്കിൾ എയ്ഡ്‌പോസ്റ്റും പാതയോടനുബന്ധിച്ച് നിർമിക്കും. കൂടുതൽ സ്ഥലം ലഭ്യമാകുന്നിടങ്ങളിൽ ടോയ്ലറ്റ്, കിയോസ്കുകൾ തുടങ്ങിയ സൗകര്യവും ഏർപ്പെടുത്തും. പ്രകൃതിജന്യ വിഭവങ്ങളുപയോഗിച്ച് മണ്ണിന് ഉറപ്പുവർധിപ്പിക്കാനുള്ള പുതിയ വിദ്യ ഉപയോഗപ്പെടുത്തും. അതിനായി കുമ്മായം, കയർ ഭൂവസ്ത്രം എന്നിവ ഉപയോഗിക്കും. അതുവഴി കരിങ്കൽ വിഭവങ്ങളുടെ ഉപഭോഗം ഗണ്യമായി കുറക്കാൻ കഴിയും. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിന്റെ ഭാഗമായി നാല് കിലോമീറ്റർ പ്ലാസ്റ്റിക് റോഡ് നിർമിക്കും. കൂടുതൽ സ്ഥലം ലഭ്യമാകുന്നിടത്ത് പാതക്കിരുവശത്തും ഫലവൃക്ഷങ്ങളും പൂമരങ്ങളും വെച്ചുപിടിപ്പിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിശ്രമിക്കുന്നതിനുള്ള പുൽത്തകിടികളും ബെഞ്ചുകളും സ്ഥാപിക്കും. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ആദ്യ റീച്ച് പ്രവൃത്തി തുടങ്ങും.
0 Comments