കോഴിക്കോട‌്:നിപ്പാ വൈറസ‌് ബാധ രണ്ടാം ഘട്ടത്തിലേക്ക‌് കടക്കുന്നുവെന്ന സൂചന വന്നതോടെ കോഴിക്കോട്ട‌് ആരോഗ്യ വകുപ്പ‌് അതീവ ജാഗ്രതയില്‍. 17 പേരുടെ ജീവന്‍ അപഹരിച്ച വൈറസ‌് വീണ്ടും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ‌് നടപടി. കഴിഞ്ഞമാസം ജില്ലയിലെ വിവിധ ആശുപത്രികളില്‍ മരിച്ചവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട‌് ശേഖരിക്കാനും മെഡിക്കല്‍ കോളേജിലും ബാലുശേരി താലൂക്ക‌് ആശുപത്രിയിലും ചില പ്രത്യേക ദിവസങ്ങളില്‍ വന്നവരുടെ പട്ടിക തയാറാക്കാനും തീരുമാനിച്ചു. വയനാട് ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത് ആറാം തിയ്യതിയിലേക്ക് മാറ്റി. മലപ്പുറത്ത് നിപ്പാ ബാധിച്ച് മരിച്ചവരുടെ പ്രദേശത്തെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് പരിശോധന നടത്താനും നിര്‍ദേശിച്ചു.
പൊതുജനങ്ങളെത്തുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. കോഴിക്കോട‌് ജില്ലയില്‍ ജനത്തിരക്കുള്ള മജിസ‌്ട്രേറ്റ‌് കോടതികളും കുടുംബകോടതികളും ആറ‌് വരെ അടച്ചിടാന്‍ ഹൈക്കോടതി രജിസ‌്ട്രാര്‍ ജനറല്‍ നിര്‍ദേശിച്ചു. വിവാഹം, ഇഫ‌്താര്‍ വിരുന്ന‌് തുടങ്ങിയ സ്വകാര്യ പരിപാടികളും ബാഹ്യസമ്മര്‍ദമില്ലാതെ നിര്‍ത്തിവച്ച‌് ജനങ്ങള്‍ സഹകരിക്കുന്നു. റമദാന്‍ കാലത്തെ ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനവും കുറഞ്ഞു. ബസ്സുകളില്‍ അത്യാവശ്യക്കാരേ യാത്ര ചെയ്യുന്നുള്ളു. പുറത്തിറങ്ങുന്നവരിലേറെയും മാസ‌്കുകള്‍ ധരിക്കുന്നു. ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നത‌് വീണ്ടും നീട്ടിവയ‌്ക്കാനും ആലോചനയുണ്ട‌്. തീരുമാനം ശനിയാഴ‌്ചയുണ്ടാകും. അഞ്ചിന‌് തുറക്കാനാണ‌് നേരത്തെയുള്ള ധാരണ.
അതേസമയം, രോഗം ബാധിച്ച‌് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന നേഴ‌്സിങ് വിദ്യാര്‍ഥിനിയടക്കം രണ്ടുപേര്‍ക്ക‌് വെള്ളിയാഴ‌്ചത്തെ പരിശോധനയില്‍ നിപ്പാ ബാധയില്ലെന്ന‌് വ്യക്തമായി. വ്യാഴാഴ‌്ച്ച രാത്രിവരെ 1500 ഓളം പേരുണ്ടായിരുന്ന സമ്പര്‍ക്ക പട്ടിക വെള്ളിയാഴ‌്ച 1949ലേക്ക‌് ഉയര്‍ന്നു. വെള്ളിയാഴ‌്ച മണിപ്പാലില്‍ ഏഴുപേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ആര്‍ക്കും വൈറസ‌് ബാധയില്ല. നിപ്പാ രോഗലക്ഷണങ്ങളുമായി 17 പേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജിലുണ്ട‌്. നിപ്പാ വൈറസ‌് ആദ്യം ബാധിച്ചതും മരിച്ചതും ആരെന്ന‌് ഉറപ്പിക്കലാണ‌് ആരോഗ്യ വകുപ്പിനു പ്രധാന വെല്ലുവിളി. ഇപ്പോഴുള്ള നിഗമനം പന്തിരിക്കരയിലെ മുഹമ്മദ‌് സാബിതാണ‌്. അതിനുമുമ്പ് ആര്‍ക്കെങ്കിലും രോഗം പിടിപെട്ടോ എന്നും അന്വേഷിക്കുന്നുണ്ട‌്.
വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നതാണെന്ന‌് മന്ത്രി കെ കെ ശൈലജ പ്രസ‌്താവനയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നിപ്പായെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. നിപ്പാ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കൂട്ടായ്മകള്‍ ഒഴിവാക്കണം. രോഗികള്‍ക്ക‌് നിപ്പാ കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടാം. എല്ലാ സുരക്ഷയും ഏര്‍പ്പെടുത്തും. നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ‌്ച രാവിലെ നടക്കുന്ന അവലോകന യോഗത്തില്‍ മന്ത്രി പങ്കെടുക്കും.
0 Comments