നിപയുടെ വൈറസ് ഭീതി: ഓർമകൾക്ക് നാളെക്ക് ഒരുമാസം



കോഴിക്കോട്: 17 പേരുടെ ജീവനെടുക്കുകയും നാടിനെ ദിവസങ്ങളോളം ഭീതിയുടെ മുൾമുനയിൽ നിർത്തുകയും ചെയ്ത നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ബുധനാഴ്ചത്തേക്ക് ഒരു മാസം പിന്നിടുന്നു. മേയ് 20ന് രാത്രി നടത്തിയ വാർത്തസമ്മേളനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. നിപ ബാധിച്ച് സഹോദരങ്ങളടക്കം അഞ്ചുപേർ മരിച്ചതിന് ശേഷമായിരുന്നു അത്. ഇതിനകം വൈറസ്ഭീതി അകന്നെങ്കിലും രോഗാണു ഉറവിടം ഇന്നും അജ്ഞാതമാണ്. ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം ഏറക്കുറെ പരാജയപ്പെട്ടിട്ടും അനുബന്ധ പ്രവർത്തനം നടക്കുന്നുണ്ട്. ഒരു കുടുംബത്തിെല നാലു പേരുടെയും രോഗിയെ പരിചരിച്ച നഴ്സി​ന്റെയും ജീവനെടുത്ത നിപ വൈറസ് ദിവസങ്ങളോളം നാടിനെ മുൾമുനയിൽനിർത്തി.

മേയ് അഞ്ചിനാണ് പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടി മൂസയുടെ മകൻ സാബിത്ത് നിപ ബാധിച്ച് മരിച്ചത്. യഥാർത മരണകാരണം അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നാളുകൾ കഴിഞ്ഞശേഷം, ഇതേ രോഗം ബാധിച്ച് സാബിത്തി​ന്റെ സഹോദരനും മരിച്ചതോടെയാണ് രോഗകാരണം നിപ വൈറസ് ബാധയായിരിക്കാം എന്ന സംശയമുണ്ടാകുന്നതും പരിശോധന നടത്തുന്നതും. ഇതിനകം കൊലയാളി വൈറസ് പലരിലേക്കും വ്യാപിച്ചു. തുടർന്ന് വൈറസിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും സർക്കാർ വകുപ്പുകളുടെയും ചേർന്നുള്ള പോരാട്ടത്തിന് സംസ്ഥാനം സാക്ഷിയായി. എയിംസ് സംഘം, എൻ.സി.ഡി.സി, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അധികൃതർ, ചെന്നൈ നാഷനൽ എപിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ തുടങ്ങി ദേശീയ തലത്തിലുള്ള ഒട്ടേറെ വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകളും ഗവേഷണങ്ങളും നടത്തി.

ഉറവിടം കണ്ടെത്താൻ വവ്വാലുകളുൾപ്പടെയുള്ളവയിൽനിന്ന് സാമ്പിൾ ശേഖരിച്ച് പലതവണ പരിശോധനക്കയച്ചെങ്കിലും ഫലമുണ്ടായില്ല. ആഴ്ചകളോളം നീണ്ട നിരീക്ഷണങ്ങൾക്കും നിയന്ത്രണങ്ങൾക്കും ശേഷമാണ് നിപയുടെ മേലുള്ള അതീവജാഗ്രത ഒഴിവാക്കിയത്. മേയ് 31-നായിരുന്നു അവസാന നിപബാധിത മരണം. ഇതിനിടയിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേർ സുഖം പ്രാപിച്ചതും നിപക്കെതിരെയുള്ള പ്രതിരോധത്തിൽ പ്രതീക്ഷ പകർന്നു. സാമ്പിൾ പരിശോധനയിലും അയവുവന്നെങ്കിലും എപിെഡമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആരോഗ്യവകുപ്പി​ന്റെയും മെഡിക്കൽ കോളജ് പഠനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ പഠനം തുടരുന്നുണ്ട്. ഇത്തരം ദുരന്തം ഇല്ലാതാക്കാനും പ്രതിരോധിക്കാനുമുള്ള സമഗ്രപഠന റിപ്പോർട്ട് സർക്കാറിനു സമർപ്പിക്കാനൊരുങ്ങുകയാണ് മൃഗസംരക്ഷണ വകുപ്പെന്ന് ഡയറക്ടർ ഡോ. എൻ.എൻ. ശശി അറിയിച്ചു.

Post a Comment

0 Comments