കോഴിക്കോട്: കോരപ്പുഴയിൽ പുതിയപാലം പണിയാൻ കരാറുകാരുടെ സാങ്കേതിക യോഗ്യത പരിശോധിക്കുന്നതിനുള്ള ടെൻഡർ (ടെക്‌നിക്കൽ ടെൻഡർ) നാളെ തുറക്കും. മൂന്നുപേരാണ് ഇതുവരെ ടെൻഡർ സമർപ്പിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം അറിയിച്ചു. കഴിഞ്ഞ ജൂൺ 26-ന് ടെൻഡർ തുറക്കാനിരുന്നതാണെങ്കിലും ഒരു കരാറുകാരൻ മാത്രമാണ് എത്തിയത്. ഇതേത്തുടർന്ന് നടപടികൾ നീട്ടിവെക്കുകയായിരുന്നു. സാങ്കേതിക യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി പിന്നീട് സാമ്പത്തിക ടെൻഡർ തുറന്ന് കരാറുകാരെ നിശ്ചയിക്കും.
12 മീറ്റർ വീതിയിലാണ് പുതിയപാലം പണിയുന്നത്. ഏഴരമീറ്റർ വാഹനങ്ങൾക്ക് കടന്നുപോകാനുള്ളതാണ്. ബാക്കി നടപ്പാതയ്ക്കുള്ളതാണ്. 26 കോടിരൂപയാണ് എസ്റ്റിമേറ്റ് തുക. രണ്ടുഭാഗത്തേക്കും ഒരേസമയത്ത് വാഹനങ്ങൾക്ക് കടന്നുപോവാൻ സൗകര്യമുള്ളതിനാൽ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും. ആർച്ച് മാതൃകയിലാണ് പാലം പണിയുന്നത്. നിലവിലുള്ള പാലത്തിന്റെ അതേ ഉയരത്തിൽ തന്നെയാണ് പുതിയ പാലവും. ഇത് ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവ കടന്നുപോവുന്നതിന് തടസ്സമാവുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഇത് വിനോദ സഞ്ചാരമേഖലയെ ബാധിക്കും. നിലവിലുള്ള പാലത്തിനുതന്നെ ഉയരമില്ലാത്തതിനാൽ കോരപ്പുഴയിൽനിന്ന് കാപ്പാട് കൈപ്പുഴയിലേക്ക് പോലും ഹൗസ് ബോട്ടുകൾ കൊണ്ടുപോവാൻ കഴിയുന്നില്ലെന്ന് മലബാർ ടൂറിസ്റ്റ് ബോട്ട് ഓപ്പറേറ്റേഴ്‌സ് ആൻഡ് വെൽഫെയർ അസോസിയേഷൻ റീജണൽ സെക്രട്ടറി വി.എം. മോഹനൻ പറഞ്ഞു. കനോലിക്കനാലുമായി ബന്ധിപ്പിച്ച് ദേശീയജലപാത കൂടെ വരുമ്പോൾ ഇതുവഴിയുള്ള ചരക്ക് നീക്കത്തെയും ബാധിക്കും. അതുകൊണ്ട് പുതിയ പാലം നിർമിക്കുമ്പോഴെങ്കിലും ഉയരം കൂട്ടി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദേശീയ ജലപാത ദേശീയപാത ബൈപ്പാസിന്റെ ഭാഗമായുള്ള പാലത്തിന്റെ ഭാഗത്തുകൂടെയാണെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. കോരപ്പുഴ പാലത്തിന്റെ ഉയരം ഇനിയും കൂട്ടുന്നത് പ്രായോഗികമല്ലെന്ന് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വിനയരാജ് പറഞ്ഞു. ഉയരം കൂട്ടിയാൽ റോഡിനെക്കൂടെ ബാധിക്കും. ഇപ്പോൾ ഹൗസ് ബോട്ടുകൾക്ക് കടന്നുപോവാന് മഴക്കാലത്ത് വെള്ളമുയരുന്ന സമയത്ത് മാത്രമാണ് പ്രശ്നമുണ്ടാവുക. അതും വലിയ ബോട്ടുകളെയേ ബാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
0 Comments