കൊടുവള്ളി ടൗൺ ഇനി ക്യാമറ വലയത്തിൽ; ക്യാമറകൾ സ്ഥാപിക്കാൻ 10 ലക്ഷം അനുവദിച്ചു


കോഴിക്കോട്:സ്വർണ വ്യാപാര കേന്ദ്രമായ കൊടുവള്ളി ടൗണിൽ സുരക്ഷ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നു. മോഷണങ്ങളും വിവിധ അക്രമസംഭവങ്ങളും ഉണ്ടായ സാഹചര്യത്തിൽ ടൗണിലെ കടകളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാനാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. നൂറിലേറെ സ്വർണ വ്യാപാര കടകളും അതിലേറെ നിർമാണ ശാലകളും പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാന വ്യാപാര കേന്ദ്രമാണ് കൊടുവള്ളി. ടൗൺ മധ്യത്തിലുള്ള സിൽസില ജ്വല്ലറി കുത്തിത്തുറന്ന് 90 ലക്ഷം രൂപയുടെ മോഷണം നടന്ന സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂനിറ്റ് കമ്മിറ്റി സമർപ്പിച്ച നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ കാരാട്ട് റസാഖ് എം.എൽ.എ അനുവദിച്ച 10 ലക്ഷംകൊണ്ടാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ നിന്ന് നിരീക്ഷിക്കാവുന്ന രീതിയിൽ മാർക്കറ്റ് റോഡ്, ഓപൺ സ്റ്റേജ് പരിസരം, ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക. നടപടിക്രമങ്ങൾ വേഗത്തിലാക്കി ക്യാമറകൾ സ്ഥാപിക്കും. ഇതിന് പുറമെ വ്യാപാര സ്ഥാപനങ്ങളും സ്വന്തം നിലയിൽ ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. ടൗൺ സുരക്ഷവലയത്തിലാകുന്നതോടെ സാമൂഹിക വിരുദ്ധ ശല്യം, റോഡ് സുരക്ഷ നിയമ ലംഘനം, ലഹരി വിൽപന, മോഷണം എന്നിവ നിയന്ത്രിക്കുവാനും നടപടികൾ സ്വീകരിക്കുവാനും കഴിയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി.ടി.എ. ലത്തീഫും സെക്രട്ടറി ടി.പി. അർശാദും പറഞ്ഞു.

Post a Comment

0 Comments