കാലവർഷം: ചുരം ബദല്‍ പാത ആവശ്യം കൂടുതൽ ശക്തമായി



കോഴിക്കോട്: കാലവർഷം ശക്തമായി മണ്ണിടിച്ചിലും മറ്റും കാരണം ചുരം പാത തടസ്സപെടുകയും ചെയ്തതോടെ വയനാട് ഒറ്റപ്പെട്ടിരുന്നു, ഓരോ കാലവർഷം വരുകയും ചുരം തടസ്സപെടുകയും ചെയ്യുന്നതോടുകൂടി ബദൽ പാത ആവശ്യം കൂടൂതൽ ശക്തമാവുകയാണ്. ഇതിനകം ബദല്‍ റോഡ് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാഴ് വാക്കുകളായിരിക്കുകയാണ്. ചുരത്തിന് ബദലായി ഏറ്റവുമൊടുവില്‍ സജീവ ചര്‍ച്ചയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയെ സംബന്ധിച്ചും ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇതോടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ പിന്നിലുള്ള ജില്ലയോട് മാറിമാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ച അവഗണനയില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.



ചുരത്തിനു ബദലായി അഞ്ചുപാതകളുടെ നിര്‍ദേശമാണ് നേരത്തേ ഉയര്‍ന്നിരുത്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍ എന്നിങ്ങനെയായിരുന്നു നിര്‍ദേശങ്ങള്‍. 2011ല്‍  യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ രണ്ട് ബദല്‍പ്പാതകളാണ് പ്രഖ്യാപിച്ചത്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയാണ് ഇതിലൊന്ന്. മറ്റൊന്ന്  ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി റോഡും. നിര്‍മാണത്തിന്  രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തുകകൂടി ചെയ്തതോടെ  പാതകളില്‍ ഒന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന് ജനം കരുതിയിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ  റോഡിനു അനുമതിയായെന്നും പ്രവൃത്തി വൈകാതെ തുടങ്ങുമെന്നും  പറഞ്ഞിരുന്നു. പക്ഷേ, വനഭൂമിയിലൂടെ റോഡ് നിര്‍മിക്കുന്നതിനു ആവശ്യമായ അനുമതി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തില്‍ നിന്നു നേടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ആനക്കാംപൊയില്‍-കള്ളാടി റോഡിന്റെ  കാര്യത്തില്‍  ദീര്‍ഘകാലമായി  മൗനത്തിലാണ് ഭരണാധികാരികള്‍. ബദല്‍പാത നിര്‍മാണവുമായി ബന്ധപ്പെട്ടതില്‍  മറ്റു നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. വനത്തിലൂടെയുള്ള നിര്‍മാണത്തിനു കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ  റോഡ് പ്രവൃത്തിക്ക്  തടസമെന്നാണ് മരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്.



വയനാടിനെ കോഴിക്കോട് ജില്ലയുമായി എളുപ്പം ബന്ധിപ്പിക്കുന്നതാണ്   ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്.  23 കിലോമീറ്റര്‍ വരുന്ന ഈ റോഡില്‍ 8.94 കിലോമീറ്റര്‍ വനമാണ്. 51.31 കോടി രൂപയാണ് കണക്കാക്കിയിരുന്ന നിര്‍മാണച്ചെലവ്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് രണ്ട് പതിറ്റാണ്ടിലധികമായി ചര്‍ച്ചാവിഷയമാണ്. 16.79 കിലോമീറ്റര്‍ വനത്തിലൂടെ കടന്നുപോകേണ്ട ഈ പാതയുടെ പ്രവൃത്തി ഉദ്ഘാടനവും വര്‍ഷങ്ങള്‍ മുമ്പ് നടത്തിയിരുന്നു. റോഡ് നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വനഭൂമിക്ക് പകരം ഭൂമിയും മുഖ്യ ഗുണഭോക്താക്കള്‍ കണ്ടെത്തി വനം വകുപ്പിന് കൈമാറിയിരുന്നു. എന്നിട്ടും റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മേപ്പാടി-മുണ്ടക്കൈ-നിലമ്പൂര്‍ റോഡും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ കഴിയുന്ന പാതയായാണ് മേപ്പാടി-മുണ്ടക്കൈ-നിലമ്പൂര്‍ റോഡിനെ പലരും ചൂണ്ടിക്കാട്ടിയിരുന്നത്. 45 കോടി രൂപയാണ് ഈ റോഡിന്റെ നിര്‍മാണത്തിന് കണക്കാക്കിയിരുന്ന ചെലവ്. ഈ പാത യാഥാര്‍ഥ്യമായാല്‍ കല്‍പ്പറ്റയില്‍ നിന്ന് 48.8 കിലോമീറ്റര്‍ യാത്ര മതി നിലമ്പൂരിലെത്താന്‍. ഈ റോഡില്‍ ഏഴ് കിലോമീറ്റര്‍ മാത്രമാണ് റിസര്‍വ് വനം. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതക്ക് കഴിഞ്ഞ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചിരുന്നു. ആനക്കാംപൊയിലില്‍ നിന്നു കള്ളാടി വഴി 16 കിലോമീറ്ററാണ് മേപ്പാടിയിലേക്ക് ദൂരം. ഇതില്‍ അഞ്ചര കിലോമീറ്ററില്‍ തുരങ്കം നിര്‍മിച്ചാല്‍ ബദല്‍ റോഡ് യാഥാര്‍ഥ്യമാകും. എന്നാല്‍ ജില്ലയുടെ ബദല്‍ പാത സ്വപ്നങ്ങള്‍ സാധ്യമാക്കാന്‍ ആവശ്യമായ നടപടി കള്‍ ഇതുവരെ കാര്യക്ഷമമായിട്ടില്ല. കാലവര്‍ഷം ശക്തമായാല്‍ ഭീതിയോടെയാണ് ജനം വയനാട് ചുരത്തിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞദിവസം ശക്തമായ മഴയില്‍ ചുരത്തില്‍ മണ്ണിടിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിലവില്‍ ചുരം പാതയില്‍ തടസ്സമുണ്ടായാല്‍ രോഗികളെ ഉള്‍പെടെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

Post a Comment

0 Comments