ജില്ലാകലക്ടർ യു.വി ജോസിന്റെ ക്ലാസ്മേറ്റ്സ് കൂട്ടായ്മ 1.15 ലക്ഷം രൂപ കൈമാറി


കോഴിക്കോട്:പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങാവാന്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മ സമാഹരിച്ച 1.15 ലക്ഷം രൂപ ജില്ലാ കലക്ടര്‍ യു.വി.ജോസിനു കൈമാറിയപ്പോള്‍ അതു നാല്‍പതുവര്‍ഷത്തിനു ശേഷമുള്ള, സുഹൃത്തുക്കളുടെ ഒത്തുചേരല്‍ കൂടിയായി.1976-78ലെ പ്രീഡിഗ്രി മാത്സ് ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്‍റെ വാട്സ്അപ് കൂട്ടായ്മയിലൂടെ ശേഖരിച്ച തുകയാണ് ക്ലാസ്മേറ്റ് കൂടിയായ കലക്ടര്‍ യു.വി.ജോസിനു കൈമാറിയത്. നിലവില്‍ അന്‍പത്തിരണ്ടുപേര്‍ അംഗങ്ങളായുള്ള വാട്സാപ് ഗ്രൂപ്പിനു തുടക്കം കുറിച്ചത് കലക്ടര്‍ തന്നെ.



ഹൈക്കോടതി അഭിഭാഷകനായ യു.പി.ബാലകൃഷ്ണന്‍, കോഴിക്കോട് അരയിടത്തുപാലം ഫെഡറല്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ പി.വി.കൃഷ്ണകുമാര്‍, ബിഎസ്എന്‍എല്‍ കണ്ണൂര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ പി.സി.ശ്രീനിവാസന്‍, ആര്‍ക്കിടെക്ട് ടി.സക്കറിയ, ജെഎന്‍എം ജിഎച്ച്എസ്എസ്  പുതുപ്പണം റിട്ട.ഹെഡ് മിസ്ട്രസ് ബി.ഗീത,പോസ്റ്റ്മാസ്റ്റര്‍ പി.വി.അരവിന്ദാക്ഷന്‍, ജ്യോതി ഹരിറാം എന്നിവരാണ് തുക കൈമാറാനും പഴയ സഹപാഠിയെ നേരില്‍ കാണാനുമായി കലക്ടറേറ്റില്‍ എത്തിയത്. കോഴിക്കോട് കലക്ടറായ യു.വി.ജോസും  കൂടെ പഠിച്ച യു.വി.ജോസും ഒരാള്‍ തന്നെയാണെന്ന് ഈ വാട്സാപ് കൂട്ടായ്മ വന്നതിനു ശേഷമാണ് ഇവരില്‍ പലരും അറിയുന്നത്. പഠനത്തിലേതു പോലെ  പ്രസംഗത്തിലും മിടുക്കനായിരുന്നു യു.വി.ജോസെന്നു ഇവര്‍ ഓര്‍ക്കുന്നു.  ഈ മാസം 27നു നിശ്ചയിച്ച സംഗമം പ്രളയം മൂലം മാറ്റിവയ്ക്കാന്‍  തീരുമാനിക്കുകയായിരുന്നു. ഒട്ടേറെ സേവന പദ്ധതികള്‍ നടപ്പിലാക്കി  ജനമനസ്സുകളിലിടം നേടിയ സഹപാഠിക്കൊപ്പം സഞ്ചരിക്കാന്‍ ഇനിയും തയ്യാറാണെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Post a Comment

0 Comments